Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന് തിരശ്ശീല ഉയരാൻ ഇനി ആറു ദിനങ്ങൾ കൂടി ബാക്കി. ഈ സീസണിലെ മത്സരാർത്ഥികൾ ആരെന്നറിയാനും തീപ്പാറുന്ന മത്സരം കാണാനുമുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകരും. നടൻ ഷിജു എആർ, ജിഷിൻ മോഹൻ, സംവിധായകരായ ഒമർ ലുലു, അഖിൽ മാരാർ, വൈബർ ഗേൾ ദേവു എന്നു തുടങ്ങിയവരുടെയെല്ലാം പേരുകൾ മത്സരാർത്ഥികളുടെ സാധ്യതാ പട്ടികയിൽ ഉയർന്നു കേൾക്കുന്നുണ്ട്.
എല്ലാ സീസണിലും സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ ഒന്നോ രണ്ടോ മത്സരാർത്ഥികൾ ഷോയുടെ ഭാഗമായിട്ടുണ്ട്. ബഷീർ ബഷി, ഫുക്രു, റോബിൻ രാധാകൃഷ്ണൻ, റിയാസ് എന്നിവരെല്ലാം ആ രീതിയിൽ ബിഗ് ബോസ് ഷോയിലേക്ക് എത്തിച്ചേർന്നവരാണ്. ബിഗ് ബോസ് സീസൺ അഞ്ചിൽ സോഷ്യൽ മീഡിയ താരം അമല ഷാജിയും മത്സരാർത്ഥിയായി എത്തുന്ന എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാമിൽ 3.6 മില്യൺ ഫോളോവേഴ്സാണ് അമല ഷാജിയ്ക്കുള്ളത്.

ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ നിന്നുള്ള താരം അമലയാണെന്ന സൂചന നൽകിയത്. ‘ഇത്തവണ ഒരു സോഷ്യൽ മീഡിയ സൂപ്പർസ്റ്റാർ ഉണ്ട്’ എന്നാണ് പുതിയ പോസ്റ്ററിൽ നൽകിയിരിക്കുന്ന വാചകം. അത് അമലയായിരിക്കും എന്ന സൂചന നൽകുന്ന ചില അക്കങ്ങളും പോസ്റ്ററിലുണ്ട്. 3.6 മില്യൺ ഫോളോവേഴ്സ്, 1,544 പോസ്റ്റുകൾ എന്നൊക്കെ പോസ്റ്ററിൽ പലയിടത്തായി ചിതറി കിടപ്പുണ്ട്. അമലയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഇതേ അക്കങ്ങൾ തന്നെ കാണാം.
ഇൻസ്റ്റഗ്രാം റീൽസുകളിലൂടെ ശ്രദ്ധേയയായ അമല ഷാജിയ്ക്ക് തമിഴ്നാട്ടിലും വലിയ ആരാധകരുണ്ട്.