മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായ സ്നേഹയും ശ്രീകുമാറും ജീവിതത്തിലും ഒന്നിച്ചത് ആരാധകർക്ക് ഏറെ സന്തോഷമേകിയ ഒന്നായിരുന്നു. ഒന്നര വർഷം മുൻപേയായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷവും അഭിനയത്തിൽ സജീവമാണ് ഇരുവരും. ശ്രീകുമാർ ‘ചക്കപ്പഴം’ പരമ്പരയിലും സ്നേഹ ‘മറിമായ’ത്തിലുമാണ് അഭിനയിക്കുന്നത്.
അടുത്തിടെ ബിഹൈൻഡ്വുഡ്സിനു നൽകിയ അഭിമുഖത്തിൽ അവതാരകയുടെ ഒരു ചോദ്യത്തിനു സ്നേഹ നൽകിയ മറുപടിയാണ് ശ്രദ്ധേയമായിരിക്കുന്നത്. നിങ്ങളോട് ഏറ്റവും അധികം ആളുകൾ ചോദിക്കുന്ന ചോദ്യമെന്താണെന്നാണ് അവതാരക സ്നേഹയോടും ശ്രീകുമാറിനോടും ചോദിച്ചത്. ഇതിന് സ്നേഹയാണ് മറുപടി നൽകിയത്.
”തന്നോട് കൂടുതൽ പേരും ചോദിച്ചിട്ടുളളത് കുട്ടികൾ ആയില്ലേ എന്നാണ്. ചേട്ടനോട് ആരും അത് ചോദിക്കാറില്ല. എന്റെ ബന്ധുക്കളിൽ പലരും പ്ലാനിങ്ങിൽ ആണോ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ഞങ്ങൾക്ക് തോന്നിയ പോലെയാണ് ഞങ്ങളുടെ ജീവിതം. അത് നടക്കുമ്പോൾ നടക്കും അത്രേ ഉള്ളൂ. ഇതാണ് ഞാനവരോട് പറയാറുളളത്.”
വഴക്കുണ്ടായാൽ ആദ്യം സോറി പറയുന്നത് ആരെന്ന ചോദ്യത്തിന് താനാണെന്നാണ് സ്നേഹ പറഞ്ഞത്. ആരാണ് ഏറ്റവും അധികം റൊമാന്റിക് എന്ന ചോദ്യത്തിനും പാർട്ണർക്ക് ഏറ്റവും കൂടുതൽ ഗിഫ്റ്റ് വാങ്ങികൊടുക്കാറുള്ളതും താനെന്നായിരുന്നു സ്നേഹ പറഞ്ഞത്.
മഴവിൽ മനോരമയിലെ ജനപ്രിയ പരമ്പര ‘മറിമായ’ത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ അഭിനേതാക്കളാണ് സ്നേഹയും ശ്രീകുമാറും. ’മറിമായ’ത്തിൽ മണ്ഡോദരിയും ലോലിതനുമായി പ്രേക്ഷക പ്രീതി നേടിയ സ്നേഹയും ശ്രീകുമാറും കഴിഞ്ഞ ഡിസംബറിലാണ് വിവാഹിതരായത്. സീരിയലിനു പുറമേ നിരവധി സിനിമകളിലും ശ്രീകുമാർ അഭിനയിച്ചിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘മെമ്മറീസി’ൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീകുമാറാണ്.
Read More: അർത്ഥം അറിയില്ല, പക്ഷേ കൊള്ളാല്ലേ; ശ്രീനിയോട് പേളിയുടെ ചോദ്യം