ഞായറാഴ്ചയായിരുന്നു റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഗായകൻ സോമദാസ് ചാത്തന്നൂരിന്റെ അപ്രതീക്ഷിത മരണം. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ, ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ സോമദാസിന്റെ മരണത്തിന്റെ നടുക്കത്തിലാണ് സുഹൃത്തുക്കളും പ്രേക്ഷകരും.
ഇപ്പോഴിതാ, മരണത്തെ കുറിച്ചുള്ള സോമദാസിന്റെ ഒരു പാട്ടാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. നിരവധി വേദികളിൽ സോമദാസിന് ഏറെ കയ്യടി നേടി കൊടുത്ത “പിറന്നോരി മണ്ണും മാറുകില്ല, നിറഞ്ഞൊരീ കണ്ണും തോരുകില്ല,” എന്ന ഗാനമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സോമദാസിന്റെ മരണം. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. കോവിഡ് ബാധയെ തുടർന്നാണ് സോമദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തി. കഴിഞ്ഞ ദിവസം കോവിഡ് മുക്തനായി. തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റാൻ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.
കൊല്ലം ചാത്തന്നൂർ സ്വദേശിയായ സോമദാസ് 2008ൽ സ്റ്റാർ സിംഗറിൽ പങ്കെടുത്തതോടെയാണ് ശ്രദ്ധ നേടിയത്. അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. അന്തരിച്ച നടനും ഗായകനുമായിരുന്ന കലാഭവൻ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും സ്റ്റേജ് ഷോകളിലൂടെയാണ് സോമദാസ് ശ്രദ്ധേയനായത്.
കൊല്ലം സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, എസ്എൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു സോമദാസിന്‍റെ വിദ്യാഭ്യാസം.
Read more: പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു