/indian-express-malayalam/media/media_files/uploads/2023/08/Amrutha-Suresh-Daya-Achu.jpg)
ദയ അച്ചുവിനെതിരെ പാലാരിവട്ടം പൊലീസിലാണ് അമൃത പരാതി നൽകിയത്
ബിഗ് ബോസ് മലയാളം സീസൺ രണ്ടിലൂടെ ശ്രദ്ധ നേടിയ ദയ അശ്വതിയെന്ന ദയ അച്ചുവിന് എതിരെ പരാതി നൽകി ഗായിക അമൃത സുരേഷ്. കഴിഞ്ഞ രണ്ടുവർഷത്തോളമായി ഫേസ്ബുക്ക് വീഡിയോകളിലൂടെ നിരന്തരം തന്നെ അപകീർത്തിപ്പെടുത്താൻ ദയ അശ്വതി ശ്രമിക്കുന്നു എന്നു ആരോപിച്ചാണ് അമൃത പരാതി നൽകിയിരിക്കുന്നത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് അമൃത പരാതി നൽകിയിരിക്കുന്നത്.
"പരിഹാരം തേടുന്നതിനുള്ള എന്റെ ചുവടുവെപ്പ് : ഇന്ന്, ശ്രീമതി ദയ അച്ചു എന്ന ദയ അശ്വതിക്കെതിരെ ഞാൻ പോലീസിൽ ഒരു പരാതി നൽകി. കഴിഞ്ഞ രണ്ട് വർഷമായി, ഫേസ്ബുക്ക് വീഡിയോകളിലൂടെ എന്നെ അപകീർത്തിപ്പെടുത്താനുള്ള നിരന്തര ശ്രമങ്ങളാണ് ദയ നടത്തുന്നത്. എനിക്ക് ഇതല്ലാതെ മറ്റൊരു മാർഗമില്ലാതെ പോയി. ശരിയായ മാർഗങ്ങളിലൂടെ പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്നതിൽ ഞാൻ വിശ്വസിക്കുന്നു, ന്യായമായ പരിഹാരം ഞാൻ പ്രതീക്ഷിക്കുന്നു," എന്നാണ് അമൃത കുറിച്ചത്.
അമൃതയുടെ മകൾ മരിച്ചെന്നു തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്ത നൽകിയ മിസ്റ്ററി മലയാളി എന്ന യൂട്യൂബ് ചാനലിനെതിരെയും അമൃത പരാതി നൽകിയിട്ടുണ്ട്. തന്റെ സഹോദരിക്കും മകൾക്കുമെതിരെ യൂട്യൂബ് ചാനൽ പങ്കുവച്ച വ്യാജ വാർത്തയ്ക്ക് എതിരെ പ്രതികരിച്ച് അമൃതയുടെ സഹോദരിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തെന്നിന്ത്യയിലെ ഒരു നടിയുടെ മകളുടെ മരണത്തെത്തുടർന്നുള്ള വീഡിയോയിൽ തമ്പ്നെയ്ൽ ആയി അമൃത കരയുന്ന ചിത്രമാണ് യൂട്യൂബ് ചാനൽ നൽകിയത്.
"ഈ വീഡിയോ ഞാൻ കാണാൻ ഇടയായതുക്കൊണ്ടാണ് ഇതിനോട് പ്രതികരിക്കുന്നത്. ഒരുപാട് ആളുകൾ എനിക്ക് ഈ വീഡിയോ ഷെയർ ചെയ്തിരുന്നു. എന്റെ സഹോദരി ഇത്തരം കാര്യങ്ങളിലൊന്നും വിഷമിക്കുന്ന ആളല്ല. പക്ഷേ ഞാൻ ഇതിനെയെല്ലാം എതിർക്കും. ഇങ്ങനെയുള്ള പ്രവൃത്തിയെല്ലാം ചെയ്യുന്നത് യെല്ലോ ജേണലിസത്തിന്റെ ഭാഗമാണ്. ഒരാളുടെ സ്വകാര്യ ജീവിതത്തിൽ ഓൺലൈൻ പ്ലാറ്റഫോമുകൾ കൈകടത്തുകയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ കഥകൾ മെനയുന്നതും അംഗീകരിക്കാൻ ആവില്ല. ഇതിനു നിയമ നടപടി സ്വീകരിക്കും," അഭിരാമിയുടെ വാക്കുകൾ ഇങ്ങനെ.
അമൃത പരാതി നൽകിയതിനു പിന്നാലെ ദയ അച്ചുവും ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ഗായിക , സംഗീതജ്ഞ, വീഡിയോ ജോക്കി എന്നീ നിലകളിൽ ശ്രദ്ധേയയാണ് അഭിരാമി സുരേഷ്. അമൃതയും അഭിരാമിയും ചേർന്ന് അമൃതം ഗമയ എന്നൊരു മ്യൂസിക് ബാൻഡും നടത്തുന്നുണ്ട്. ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു. അതേ സീസണിൽ അമൃതയുടെയും അഭിരാമിയുടെയും സഹ മത്സരാർത്ഥിയായിരുന്നു ദയ അച്ചു.
ബിഗ് ബോസ് വീടിനകത്തു വച്ചുതന്നെ ദയ അമൃതയോടും അഭിരാമിയോടും കൊമ്പു കോർത്തിരുന്നു. ഷോ കഴിഞ്ഞ് ഇറങ്ങിയിട്ടും അമൃതയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുളള നിരവധി വീഡിയോകൾ ദയ അച്ചു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.