ബിഗ് ബോസ് സീസൺ നാലിൽ നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി ഡോക്ടർ റോബിൻ രാധാകൃഷ്ണനെ എലിമിനേറ്റ് ചെയ്തതിനെ തുടർന്ന് റോബിൻ ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ വലിയ പ്രതിഷേധം ഉയർത്തുകയാണ്.’ മോഹൻലാലും ബിഗ് ബോസും ചതിച്ചതാണ്, മോഹൻലാലിന്റെ ചിത്രങ്ങൾ ഇനി കാണില്ല’ എന്നിങ്ങനെ ചിലർ വിദ്വേഷ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
മോഹന്‍ലാലിനെതിരെയുള്ള റോബിൻ ഫാൻസിന്റെ അധിക്ഷേപത്തെ വിമര്‍ശിച്ച് കൊണ്ട് മുന്‍ ബിഗ് ബോസ് താരവും മോഡലുമായ ഷിയാസ് കരീം പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘പത്മഭൂഷൺ നൽകി രാജ്യം അംഗീകരിച്ച ഒരാളെയാണ് ബിഗ് ബോസിന്റെ അവതാരകനായി എന്നതിന്റെ പേരിൽ ചിലർ തെറി വിളിക്കുന്നത്, സൈബർ ആക്രമണത്തെ അപലപിച്ചു കൊണ്ട് ഷിയാസ് പറയുന്നു.
“മലയാള സിനിമയുടെ വളർച്ചയിൽ മോഹൻലാൽ എന്ന നടന്റെ പങ്ക് ചെറുതല്ല. മറ്റുള്ള ഇൻഡസ്ട്രി പോലും ഇതിഹാസമെന്ന് വിളിക്കുന്ന മോഹൻലാലിനെ ബിഗ് ബോസ്സ് ഷോയുടെ അവതാരകനാണ് എന്ന ഒരൊറ്റ കാരണം കൊണ്ട് തെറി വിളിക്കുന്നവരും പൊങ്കാല ഇടുന്നവരും ഒന്ന് ഓർക്കുക ബിഗ് ബോസ് സീസൺ ഇനിയും ഉണ്ടാകും, ഇനിയും ഒരുപാട് തരംഗങ്ങൾ ഉണ്ടാകും, പുതിയ താരങ്ങളും ആർമിയും ഉണ്ടാകും. പക്ഷെ മോഹൻലാൽ എന്ന നടൻ ഇവിടെ തന്നെ കാണും ! അതിനർത്ഥം മോഹൻലാൽ എന്ന നടൻ വിമർശനത്തിന് അതീതമാണ് എന്നല്ല പക്ഷെ ബിഗ് ബോസിന്റെ അവതാരകനായത് കൊണ്ട് മാത്രം മോഹൻലാലിനെ തെറി വിളിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത്,” ഷിയാസ് കുറിക്കുന്നു.
സഹമത്സരാർത്ഥിയായ റിയാസിനെ ശാരീരികമായി ഉപദ്രവിച്ചതിനെ തുടർന്നാണ് റോബിനെ ഷോയിൽ നിന്നും പുറത്താക്കിയത്.