ആശ ശരത്തിന്റെ മകൾ ഉത്തര ശരത്തിന്റെ വിവാഹമായിരുന്നു ശനിയാഴ്ച്ച. അനവധി താരങ്ങളാണ് വിവാഹത്തിനും അതിനോടനുബന്ധിച്ച് നടന്ന മറ്റു ചടങ്ങുകളിലും പങ്കെടുത്തത്. ഹൽദി, മെഹന്ദി, സംഗീത് എന്നീ ചടങ്ങുകളാണ് വിവാഹത്തിന്റെ തലേ ദിവസം നടന്നത്.
ശിൽപ ബാല, മാളവിക കൃഷ്ണദാസ്, അന്ന പ്രസാദ്, ദിൽഷ പ്രസന്നൻ തുടങ്ങിയവർ സംഗീത് നൈറ്റിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇവർ വധു വരന്മാർക്കായി ഒരുക്കിയ സർപ്രൈസ് ഡാൻസിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ശിൽപ ബാല തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോ പങ്കുവച്ചത്.
വീഡിയോയുടെ അവസാനം ആശ ശരത്തും, ഉത്തരയും ഡാൻസ് ചെയ്യാനായി എത്തുന്നതു കാണാം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഡാൻസിങ്ങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലെ വിധിക്കർത്താക്കളിലൊരാളാണ് ആശ ശരത്ത്. ഷോയിലെ മത്സരാർത്ഥികളും മറ്റു വിധിക്കർത്താക്കളും ചേർന്നാണ് സർപ്രൈസ് ഡാൻസ് ചെയ്തത്.
ആദിത്യനാണ് ഉത്തരയുടെ വരന്‍. മെക്കാനിക്കല്‍ എഞ്ചിനീയറായ ഉത്തര അമ്മയ്‌ക്കൊപ്പം നൃത്ത വേദികളില്‍ സജീവമാണ്. 2021 ലെ മിസ്സ് കേരള റണ്ണര്‍ അപ്പായിരുന്ന ഉത്തര സിനിമാ ലോകത്തും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മനോജ് ഖന്നയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ഖെദ്ദ’ യാണ് ഉത്തരയുടെ ആദ്യ ചിത്രം.