മിനിസ്ക്രീനിൽ വർഷങ്ങളായി നിറഞ്ഞുനിൽക്കുന്ന താരമാണ് ഷാനവാസ്. ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. സീത എന്ന പരമ്പരയിലെ ഇന്ദ്രൻ എന്ന കഥാപാത്രമാണ് താരത്തിന്റെ കരിയറിൽ വഴിത്തിരിവായത്. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ സീരിയലിലാണ് ഷാനവാസ് ഇപ്പോൾ അഭിനയിച്ചുവരുന്നത്. ഇപ്പോഴിതാ, സീരിയലിൽനിന്നും താൻ പിന്മാറുകയാണെന്ന് അറിയിച്ചിരിക്കുകയാണ് താരം.
”ഡികെയുടെ കോട്ട് അഴിച്ചുവെച്ച് ഹിറ്റ്ലറിൽ നിന്നും പടിയിറങ്ങുന്നു. കൊടുത്ത വാക്കിന് വില കൽപ്പിച്ച് നിലപാടിൽ ഉറച്ച് നിൽക്കുമ്പോൾ നമുക്ക് പ്രിയപ്പെട്ട പലതും നഷ്ടപ്പെട്ടെന്നുവരാം. എന്നാലും കൊടുത്ത വാക്ക് പാലിച്ചതിലും നിലപാടിൽ ഉറച്ച് നിന്നതിലും അഭിമാനത്തോടെ നമുക്ക് തല ഉയർത്തി നിൽക്കാം. എന്നിൽ വിശ്വാസം അർപ്പിച്ച് DK എന്ന കഥാപാത്രത്തെ എന്റെ കയ്യിൽ ഏൽപ്പിച്ച ZEE KERALAM ചാനലിന് 100 ൽ101% വിശ്വാസം ഇന്നുവരെ തിരിച്ച് കൊടുക്കാൻ പറ്റി എന്ന അഭിമാനത്തോടും ചരിതാർഥ്യത്തോടുംകൂടി ഞാൻ ഹിറ്റ്ലറിനോട് സലാം പറയുന്നു. ഇതുവരെ എന്റെ കൂടെ നിന്ന ചാനലിനോടും സഹപ്രവർത്തകരോടും ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു. ഹിറ്റ്ലറിന്റെ പ്രേക്ഷകർ ഇതുവരെ എനിക്ക് (DK)തന്ന സ്നേഹവും സപ്പോർട്ടും പുതിയ ഡികെയ്ക്കും mrs ഹിറ്റ്ലറിനും kodukkanam. പുതിയ ഡികെയ്ക്കും mrs ഹിറ്റ്ലറിനും എല്ലാവിധ ആശംസകളും നേരുന്നു. ഞങ്ങളെ ഇഷ്ടപ്പെടുന്നവർ നിരന്തരം ആവിശ്യപെടുന്ന ആഗ്രഹിക്കുന്ന ഒരു പ്രൊജക്റ്റ്മായി ഞങ്ങൾ ഉടൻ നിങ്ങളുടെ മുന്നിൽ വരും. അടുത്ത ആഴ്ച്ച തുടങ്ങുന്ന ഷൂട്ടിന്റെ വിശേഷങ്ങളുമായി ഞങ്ങൾ വരും,” ഷാനവാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
സീത പരമ്പരയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് ഷാനവാസ് മിസിസ് ഹിറ്റ്ലറിൽ നിന്ന് പിൻമാറിയത്. രണ്ടും ഒന്നിച്ച് കൊണ്ടു പോകമെന്നായിരുന്നു തുടക്കത്തിൽ വിചാരിച്ചതെന്നും എന്നാൽ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഹിറ്റ്ലർ ടീം വ്യക്തമാക്കിയപ്പോഴാണ് പിൻമാറാമെന്ന് തീരുമാനിച്ചതെന്നുമാണ് ഷാനവാസ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അതേസമയം, ഷാനവാസിന്റെ പെട്ടെന്നുള്ള പിന്മാറ്റം ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.