ലോക്ഡൗൺ ദിനങ്ങളിൽ വീടിനകത്ത് പെട്ടുപോയ പ്രേക്ഷകരുടെ മിനിസ്ക്രീൻ കാഴ്ചകൾ ആസ്വാദ്യകരമാക്കാനുള്ള വേറിട്ട ശ്രമങ്ങളിലാണ് എല്ലാ ചാനലുകളും. കൂടുതൽ സിനിമകൾ നൽകിയും പോപ്പുലറായിരുന്ന പരിപാടികളും സീരിയലുകളും റീടെലികാസ്റ്റ് ചെയ്തുമെല്ലാം പ്രേക്ഷകരെ മിനിസ്ക്രീനിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ചാനലുകൾ. കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രമായ ഡോറ തിരിച്ചെത്തി എന്ന വാർത്തയാണ് ഇന്ന് വരുന്നത്.
ഡോറയുടെയും ബുജിയുടെയും സൂത്രക്കാരനായ കുറുനരിയുടെയും കഥകൾക്ക് കുട്ടികൾക്കിടയിൽ ഏറെ ആരാധകരുണ്ട്. മികച്ച ഇന്ററാക്റ്റീവ് പരിപാടിയായ ഡോറ ലോകമെമ്പാടുമുള്ള കുട്ടികളുടെ ഹൃദയം കവർന്ന കാർട്ടൂൺ സീരിസിൽ ഒന്നുകൂടിയാണ്. ഇന്ന് രാവിലെ മുതൽ ‘ഡോറയുടെ പ്രയാണം’ വീണ്ടും സംപ്രേക്ഷണം ചെയ്തു തുടങ്ങിയിരിക്കുകയാണ് കൊച്ചുടിവി. രാവിലെ 7 മണി, ഉച്ചയ്ക്ക് 12 മണി, വൈകിട്ട് 5 മണി എന്നിങ്ങനൊണ് ‘ഡോറയുടെ പ്രയാണം’ സംപ്രേക്ഷണം ചെയ്യുക. ഒപ്പം ജാക്കി ചാൻ, സ്റ്റുവർട്ട് ലിറ്റിൽ, ഹാപ്പി കിഡ്, അനിയൻ ബാവ ചേട്ടൻ ബാവ കുട്ടീസ്, ഡിറ്റക്റ്റീവ് രാജപ്പൻ സീസൺ 3, രാജു റിക്ഷാ തുടങ്ങിയ പരിപാടികളും കൊച്ചുടിവിയിൽ കാണാം.
തൊണ്ണൂറുകളിൽ കുട്ടികളുടെ ഹൃദയം കവർന്ന ശക്തിമാന്റെ പുനസംപ്രേക്ഷണവും ഇന്നു മുതൽ ആരംഭിച്ചിരിക്കുകയാണ്. ദൂരദർശനാണ് ‘ശക്തിമാൻ’ പുനസംപ്രേക്ഷണം ചെയ്യുന്നത്. ദൂരദർശനിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് സംപ്രേക്ഷണം ചെയ്യുക. ഒരു മണിക്കൂറാണ് സീരിയലിന്റെ ദൈർഘ്യം. ശക്തിമാനെ കൂടാതെ ചാണക്യ, ഉപനിഷത് ഗംഗ, ശ്രീമാൻ ശ്രീമതി എന്നിങ്ങനെയുള്ള സീരിയലുകളും ഏപ്രിൽ മുതൽ പുനസംപ്രേക്ഷണം ചെയ്യാനാണ് ദൂരദർശൻ തീരുമാനിച്ചിരിക്കുന്നത്. രാമായണവും മഹാഭാരതവും കഴിഞ്ഞ ആഴ്ചയോടെ തന്നെ പുനസംപ്രേക്ഷണം ആരംഭിച്ചിരുന്നു.
Read more: സീരിയലുകളും നിർത്തുന്നു; മിനി സ്ക്രീൻ ലോകത്തെയും സ്തംഭിപ്പിച്ച് കോവിഡ് 19