ടെലിവിഷൻ പരമ്പരകളിൽ അരങ്ങേറ്റം കുറിക്കാൻ തയാറെടുക്കുകയാണ് നടി ഷക്കീല. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ‘സുരഭിയും സുഹാസിനിയും’ എന്ന സീരിയലിലൂടെയാണ് ഷക്കീല മിനിസ്ക്രീനിലെത്തുന്നത്. മല്ലിക സുകുമാരൻ ആണ് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഊർമിള എന്ന കഥാപാത്രമായാണ് ഷക്കീല എത്തുക.
സീരിയലിന്റെ പ്രമോ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വില്ലത്തി വേഷത്തിലായിരിക്കും താരം എത്തുക എന്നാണ് വ്യക്തമാകുന്നത്. ഈ ട്വിസ്റ്റ് എന്തായാലും പൊളിച്ചു എന്നതാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.
അനവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ഷക്കീല ആദ്യമായാണ് സീരിയിൽ മുഖം കാണിക്കുന്നത്. റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്.
വെണ്ണല തൈക്കാട് ശിവ ക്ഷേത്രത്തിലെ ഉത്സത്തോടനുബന്ധിച്ച പരിപാടിയിൽ അതിഥിയായി ഷക്കീല എത്തിയിരുന്നു. “ഒരുപാട് നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഈ ക്ഷേത്രത്തിൽ വരണമെന്നത്. 2001 മുതൽ ആ ആഗ്രഹം മനസ്സിലുണ്ട്. തമിഴ്‌നാടിലെ ശിവ ക്ഷേത്രങ്ങളിലെല്ലാം ഞാൻ പോയിട്ടുണ്ട്, ദൈവത്തിന്റെ അനുഗ്രഹത്തോടെയാണ് ഞാൻ ഇവിടെ നിൽക്കുന്നത്. അന്ന് ഞാൻ മാളിൽ വന്നപ്പോൾ 200 പേർ മാത്രമായിരിക്കും എന്നെ കാണാൻ വരുക, ഇന്ന് എനിക്കു മുൻപിൽ ആയിരങ്ങളാണ് ഉള്ളത്. ഇപ്പോൾ എനിക്കു മനസ്സിലായി ദൈവത്തിന് ഓരോ പദ്ധികളുണ്ടെന്നത്” അവർ പറഞ്ഞു.
ഒമർ ലുലു ചിത്രം ‘നല്ല സമയം ത്തിന്റെ ഓഡിയോ ലോഞ്ചിന്റെ മുഖ്യാതിഥി ഷക്കീലയായിരുന്നു. കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ചാണ് പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്.എന്നാൽ ഷക്കീല വരുമെന്നറിഞ്ഞപ്പോൾ മാൾ അധികൃതർ സെക്യൂരിറ്റി പ്രശ്നങ്ങൾ പറഞ്ഞ് താരത്തെ വിലക്കുകയായിരുന്നു.ഒടുവിൽ പരിപാടി റദ്ദ് ചെയ്‌തു.