ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ മത്സരാർഥിയും മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരവുമായ അനൂപ് കൃഷ്ണൻ വിവാഹിതനായി. ഡോക്ടറായ ഐശ്വര്യ നായരാണ് വധു. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വളരെ ലളിതമായാണ് ചടങ്ങുകൾ നടന്നത്.
ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥി ആയിരിക്കെയാണ് അനൂപ് തന്റെ പ്രണയത്തെ കുറിച്ച് ആദ്യം തുറന്നു പറഞ്ഞത്. പിന്നീട് ഇഷ എന്ന് വിളിക്കുന്ന ഐശ്വര്യയെ ആരാധകർക്ക് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂണിൽ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം.
പുലർച്ചെ ആറ് മണിയോടെയാണ് അനൂപ് ഐശ്വര്യയുടെ കഴുത്തിൽ താലിചാർത്തിയത്. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിന് ഉണ്ടായിരുന്നത്. കസവു സാരിയുടെ വളരെ കുറച്ചു ആഭരണങ്ങൾ മാത്രമായി സിമ്പിൾ ലുക്കിലാണ് ഐശ്വര്യ എത്തിയത്. വിവാഹ ശേഷം ഐശ്വര്യക്കൊപ്പം അനൂപ് സ്വയം ഡ്രൈവ് ചെയ്ത് പോവുകയായിരുന്നു.
Also Read: രാക്കുയിൽ സീരിയൽ താരം ദേവിക നമ്പ്യാർ വിവാഹിതയായി; ചിത്രങ്ങൾ
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നാണ് ‘സീത കല്യാണം’. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ പരമ്പരയിൽ നായകനായ കല്യാണിനെ അവതരിപ്പിച്ചത് അനൂപ് കൃഷ്ണനാണ്. മികച്ച പ്രേക്ഷക പിന്തുണയോടെ സീരിയൽ മുന്നേറുന്നതിനിടയിലാണ് അനൂപിന് ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ നിന്നും അവസരം ലഭിക്കുന്നത്. സീരിയലിന് ഇടവേള നൽകി അനൂപ് ബിഗ് ബോസ് ഷോയിലേക്ക് പോവുകയായിരുന്നു.
ബിഗ് ബോസ് സീസൺ മൂന്നിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അനൂപ്. ഫിസിക്കൽ ടാസ്കുകളിലും മറ്റു ആക്റ്റിവിറ്റികളിലുമെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച അനൂപ് ആദ്യദിനം മുതൽ അവസാനം വരെ ഒരേ രീതിയിൽ കളിച്ചുമുന്നേറുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. 95-ാം ദിവസം കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഷോ അവസാനിപ്പിക്കേണ്ടി വന്നപ്പോഴും ഗെയിമിൽ മികച്ച സ്കോർ നേടി മുന്നേറുകയായിരുന്നു അനൂപ്. ബിഗ് ബോസ് ഹൗസിലെ അവസാന എട്ട് മത്സരാർഥികളിൽ ഒരാൾ അനൂപായിരുന്നു.