മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അനുമോൾ. സീരിയലുകളിലൂടെ അഭിനയലോകത്തെത്തിയ അനു ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്ത സ്റ്റാർ മാജിക്കിലൂടെയാണ് പ്രിയങ്കരിയായത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ അനു വർക്കൗട്ട് വീഡിയോകളും ഫൊട്ടൊഷൂട്ട് ചിത്രങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. തന്റെ ജീവിതത്തിലെ ഒരു പുതിയ സന്തോഷം ആരാധകരുമായി ഷെയർ ചെയ്യുകയാണ് അനു.
തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. കുടുംബത്തോടൊപ്പം കാർ ഷോറൂമിലെത്തി സ്വീകരിക്കുന്ന ചിത്രമാണ് അനു പങ്കുവച്ചത്. കറുത്ത നിറത്തിലുള്ള കിയ ആണ് അനുവിന്റെ പുതിയ വാഹനം. ‘ന്യൂ മെമ്പർ’ എന്നാണ് ചിത്രത്തിനു താഴെ അനു എഴുതിയ അടിക്കുറിപ്പ്.
താരങ്ങളായ ലക്ഷ്മി നക്ഷത്ര, സിദ്ധാർത്ഥ് പ്രഭു, ശ്രീറാം രാമചന്ദ്രൻ, മാൻവി, ജീവൻ, ശ്രീനിഷ് എന്നിവർ ചിത്രത്തിനു താഴെ ആശംസ അറിയിക്കുന്നുണ്ട്.
തിരുവനന്തപുരം സ്വദേശിയായ അനുമോൾ തന്റെ സംസാര ശൈലി കൊണ്ടാണ് ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിലും മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലും ഏറെ ആരാധകരുള്ള താരം കൂടിയാണ് അനു. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ‘സുരഭിയും സുഹാസിനി’യിലുമാണ് അനു ഇപ്പോൾ അഭിനയിക്കുന്നത്.