സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ‘മനംപോലെ മംഗല്യം’ എന്ന പരമ്പരയിലെ മിലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വന്ദന കൃഷ്ണനാണ്. താരത്തിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗുരുവായൂരിൽ വച്ചായിരുന്നു വന്ദനയുടെ വിവാഹം. രാകേഷാണ് വരൻ.

Read More: അവൻ പോയിട്ട് ആറു വർഷമാവുന്നു; ശരത്തിന്റെ ഓർമകളിൽ സൗപർണിക

വിവാഹ ചിത്രങ്ങൾ വന്ദന തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. താരത്തിന് നിരവധി പേർ ആശംസ നേർന്ന് കമന്റ് ഇട്ടിട്ടുണ്ട്. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് വന്ദനയുടേത്. കോവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ കാരണമാണ് വിവാഹം നീണ്ടുപോയത്.

സീ കേരളത്തിൽ തന്നെ സംപ്രേഷണം ചെയ്ത ‘സ്വാതി നക്ഷത്രം ചോതി’ എന്ന പരമ്പരയിലൂടെയാണ് വന്ദന മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. സീരിയലിൽ സ്വാതി എന്ന കഥാപാത്രത്തെയാണ് വന്ദന അവതരിപ്പിച്ചത്. കഥാപാത്രത്തിനായി വന്ദന 12 കിലോ ശരീരഭാരം കൂട്ടിയത് വാർത്തയായിരുന്നു.

തനിക്ക് ഭർത്താവിനെ ചേട്ടാ എന്ന് വിളിക്കുന്നത് ഇഷ്ടമല്ലെന്നും മച്ചു എന്നാണ് രാകേഷിനെ വിളിക്കുന്നതെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ വന്ദന പറഞ്ഞിരുന്നു. മാട്രിമോണിയൽ വഴി വന്ന ബന്ധം ആയിരുന്നുവെങ്കിലും നേരിട്ട് കാണുന്നതിന് മുൻപേ തന്നെ ഞങ്ങൾ സംസാരം തുടങ്ങി. പ്രേമം തനിക്ക് വഴങ്ങില്ലായിരുന്നു, പക്ഷേ സംസാരിച്ചു തുടങ്ങിയപ്പോൾ രാകേഷുമായി കൂടുതൽ അടുത്തെന്നും വന്ദന പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook