ജീവകാരുണ്യമേഖലയിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന കലാകാരിയാണ് നടി സീമ ജി നായർ. കാൻസർ ബാധിതയായി അന്തരിച്ച നടി ശരണ്യയ്ക്ക് ഒപ്പം വർഷങ്ങളായി നിലകൊണ്ട വ്യക്തി കൂടിയാണ് സീമ. ശരണ്യയ്ക്കും കുടുംബത്തിനുമായി ഒരു വീട് നിർമ്മിച്ചുനൽകാൻ മുൻകൈ എടുത്തതും സീമയായിരുന്നു.
ഇപ്പോഴിതാ, കഷ്ടപ്പാടുകളിലൂടെ കടന്നുപോവുന്ന സഹപ്രവർത്തകയായ മായയ്ക്ക് വേണ്ടി സീമയും ഏതാനും സുമനസ്സുകളും ചേർന്ന് ഒരു വീട് നിർമ്മിച്ചു നൽകിയിരിക്കുകയാണ്. ടെലിവിഷൻ പരമ്പരകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ശ്രദ്ധേയയായ അഭിനേത്രിയാണ് മായ.
“ഇന്നലെ സന്തോഷത്തിന്റെ ദിനമായിരുന്നു. മായയ്ക്ക് വേണ്ടി ഞാൻ കണ്ട സ്വപ്നത്തിന്റെ പൂർത്തീകരണം. മായ ഒരു കലാകാരി കൂടിയാണ്, അവൾക്കു വേണ്ടി ഈ കാര്യം ആദ്യമെന്നോട പറഞ്ഞത് നടി വിജയകുമാരിയായിരുന്നു. അപ്പോൾ തന്നെ ഞാൻ പറഞ്ഞു, ഇതു നടക്കില്ല, വീടെന്നതു കുട്ടികളിയല്ല. അത്രയും റിസ്ക് ഇനിയെനിക്ക് എടുക്കാൻ പറ്റില്ലെന്ന്. പക്ഷേ വിധിയും സമയവും മായയ്ക്ക് അനുകൂലമായിരുന്നു. മായയ്ക്ക് വേണ്ടി ഓടുമ്പോൾ ഇത് എന്തിനു ചെയ്തുകൊടുത്തുവെന്ന് ആരും ചോദിച്ചില്ല. പക്ഷേ അവളെ അറിയാവുന്ന എല്ലാവരും പറഞ്ഞത് ഇതവൾ അർഹിക്കുന്നുവെന്നാണ്,” സീമ ജി നായർ കുറിച്ചു.
എറണാകുളം മുളന്തുരുത്തിക്കടുത്തായാണ് മായയുടെ പുതിയ വീട്. വാടക വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് മാറി താമസിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മായയും. ഏതാണ്ട് 16 ലക്ഷത്തോളം രൂപയാണ് വീടിന് ചെലവു വന്നിരിക്കുന്നത്.
സിനിമാസീരിയിൽ രംഗത്തെ മികവിനു പുറമെ ആയിരത്തിലധികം നാടകങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച കലാകാരിയാണ് സീമ.