ദീര്‍ഘകാലമായി അര്‍ബുദരോഗ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന അഭിനേത്രി ശരണ്യ ശശി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ശരണ്യ ഇപ്പോൾ സുമനസുകളുടെ സഹായത്താൽ ഒരുക്കിയ പുതിയ വീട്ടിലേക്ക് മാറുകയാണ്. വാടകവീട്ടിൽ കഴിയുകയായിരുന്ന ശരണ്യയുടെ സാമ്പത്തിക പ്രതിസന്ധി മനസ്സിലാക്കി സഹപ്രവർകത്തകരും സുഹൃത്തുക്കളുമടക്കമുള്ളവരുടെ ഇടപെടലിലൂടെയാണ് ശരണ്യക്ക് സ്വന്തം വീട് ലഭിക്കുന്നതിനുള്ള വഴിയൊരുങ്ങിയത്.

Read more: ദൈവമാണ് അയാളെ ഭൂമിയിലേക്ക് അയച്ചത്; ശരണ്യയുടെ ചികിത്സക്കായി 24 ലക്ഷം സമാഹരിച്ച വ്യക്തിയ്ക്ക് നന്ദി പറഞ്ഞ് സീമ ജി നായർ

തിരുവനന്തപുരത്തെ ചെമ്പഴന്തിയിലുള്ള സ്നേഹസീമ എന്ന ഈ പുതിയ വീട്ടിലായിരിക്കും ശരണ്യ ഇനി താമസിക്കുക. വെള്ളിയാഴ്ചയായിരുന്നു വീടിന്റെ പാലുകാച്ചൽ ചടങ്ങ്. അഭിനേത്രി സീമ ജി നായർ അടക്കമുള്ളവരാണ് വീടൊരുക്കുന്നതിനായി മുൻകൈ എടുത്തത്.

വീട് സന്ദർശിച്ച ശേഷം നടൻ ടിനി ടോം പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ശരണ്യയുടെ ചികിത്സയ്ക്കും പുതിയ വീട് കണ്ടെത്തുന്നതിനും മുന്നിട്ടിറങ്ങിയ സീമ ജി നായർക്ക് ടിനി ടോം അടക്കമുള്ളവർ അഭിനന്ദനം അറിയിച്ചു. ദൈവത്തിന്റെ കൈയാണ് സീമ ജി നായർ എന്നും അദ്ദേഹം പറഞ്ഞു.

Read More: ജീവിതത്തിലേക്ക് വീണ്ടും പിച്ചവെച്ച് ശരണ്യ

ബ്രെയിൻ ട്യൂമർ ബാധിച്ച ശരണ്യ അടുത്തിടെ ഏഴാമത്തെ തവണ ശസ്ത്രക്രിയയ്ക്ക് വിധേയയിരുന്നു. ശസ്ത്രക്രിയകളും കാന്‍സര്‍ ചികിത്സ ഏല്‍പ്പിച്ച വേദനകളുമെല്ലാം മനശക്തി കൊണ്ട് അതിജീവിച്ച് ജീവിതത്തിലേക്ക് വീണ്ടും പിച്ചവെയ്ക്കുകയാണ് ശരണ്യ. കഴിഞ്ഞ ഏപ്രിലിൽ ശരണ്യയുടെ ശരീരത്തിന്റെ ഒരു വശം തളരുകയും ചലനശേഷി നഷ്ടപ്പെട്ടിരുന്നു. എന്നാൽ നീണ്ടനാളത്തെ ചികിത്സയ്ക്ക് ഒടുവിൽ ശരണ്യ വീണ്ടും തനിയെ നടന്നു തുടങ്ങിയിരുന്നു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ ശരണ്യയ്ക്ക് 2012 ലാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ കുഴഞ്ഞ് വീണ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. പിന്നീട് അങ്ങോട്ട് ചികിത്സയുടെ കാലമായിരുന്നു. ബ്രെയ്ൻ ട്യൂമറുമായി ബന്ധപ്പെട്ട ഏഴു ശസ്ത്രക്രിയകളും തൈറോയ്ഡ് ക്യാൻസറുമായി ബന്ധപ്പെട്ട രണ്ടു ശസ്ത്രക്രിയകളും അടക്കം ഒമ്പതോളം സർജറികൾ ആണ് ഇതു വരെ നടന്നത്. തുടർച്ചയായി രോഗം ആവർത്തിക്കുന്നത് ഒരു അപൂർവ്വമായ കേസായാണ് ഡോക്ടർമാരും നോക്കി കാണുന്നത്.

‘ചാക്കോ രണ്ടാമൻ’ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാർച്ച് 12 തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ഏറെ ശ്രദ്ധ നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook