കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ നടനാണ് സാജു നവോദയ. സാജുവെന്ന പേകരിനേക്കാളും പാഷാണം ഷാജി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. സാജുവിന്റെയും ഭാര്യ രശ്മിയുടെയും വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. വിവാഹവേഷത്തിൽ പരസ്പരം തുളസി മാലയണിഞ്ഞ് ക്ഷേത്രമുറ്റത്തുനിൽക്കുന്ന സാജുവിനെയും രശ്മിയേയുമാണ് ചിത്രങ്ങളിൽ കാണാനാവുക.
ഇതെന്താണ് സംഭവം?, നിങ്ങൾ വീണ്ടും വിവാഹിതരായോ എന്നൊക്കെയുള്ള കമന്റുകളാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം സീ ടിവിയിൽ സംപ്രക്ഷണം ചെയ്യുന്ന ഒരു പ്രോഗ്രാമിന്റെ ഭാഗമായാണ് താരം വിവാഹസീൻ റീക്രിയേറ്റ് ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും ചിത്രങ്ങൾ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
എറണാകുളം സ്വദേശിയായ സാജു സ്കൂൾ യുവജനോത്സവ വേദികളിലൂടെയാണ് ശ്രദ്ധ നേടിയത്. എറണാകുളം ജില്ലാ സ്ക്കൂൾ യുവജനോത്സവങ്ങളിൽ സാജു സംവിധാനം ചെയ്ത നാടകങ്ങൾ പുരസ്ക്കാരങ്ങൾ നേടിയിരുന്നു. നാട്ടിലെ ക്ലബുകളിലും ഉത്സവവേദികളിലും മിമിക്രി അവതരിപ്പിച്ചുകൊണ്ട് സാജു തന്റെ കലാപ്രവർത്തനത്തിന് തുടക്കം കുറിച്ചു. മനോജ് ഗിന്നസിന്റെ നവോദയയിൽ ചേർന്നതോടെയാണ് സാജു നവോദയ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. മഴവിൽ മനോരമയിലെ റിയാലിറ്റി കോമഡി പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ സാജുവിന്റെ പാഷാണം ഷാജി എന്ന കോമഡി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
സീ കേരളയില്‍ ആരംഭിക്കാന്‍ പോകുന്ന ‘ ഞാനും എന്റാളും’ എന്ന ഫാമിലി
ഷോയുടെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് സാജുവും ഭാര്യ രശ്മിയും.
മാന്നാർ മത്തായി സ്പീക്കിങ്ങ് 2 എന്ന സിനിമയിലൂടെ സിനിമയിലും സാജു അരങ്ങേറ്റം കുറിച്ചു. വെള്ളിമൂങ്ങ, അമർ അക്ബർ അന്തോണി, ആടുപുലിയാട്ടം തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ആടുംപുലിയാട്ടത്തിലൂടെ ഗായകനായും അരങ്ങേറ്റം കുറിച്ച്. ബിഗ്ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥിയായും സാജു എത്തിയിരുന്നു.