/indian-express-malayalam/media/media_files/uploads/2023/03/sajan.jpg)
ടെലിവിഷൻ സീരിയലുകൾക്ക് എന്നും ഇന്ത്യൻ മാർക്കറ്റിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. വൈകുന്നേരം ആറു മണി മുതൽ പത്തു മണിവരെ മിനി സ്ക്രീനിൽ വന്നു പോകുന്ന കഥകളെയും കഥാപാത്രങ്ങളെയും മനസ്സോടു ചേർത്തുവയ്ക്കുന്ന വലിയൊരു വിഭാഗം ആരാധകർ തന്നെ സീരിയലുകൾക്കുണ്ട്. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കൊണ്ട് മലയാളത്തിലേക്കെത്തിയ പുതിയ പരമ്പരയാണ് 'ഗീതാഗോവിന്ദം.' ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിച്ച പരമ്പര വളരെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. നാൽപ്പത്തൊന്നുകാരനും ഇരുപത്തിമൂന്നുകാരിയും തമ്മിലുള്ള വിവാഹവും അവരുടെ ജീവിതവുമൊക്കെയാണ് 'ഗീതാഗോവിന്ദ'ത്തിന്റെ പ്രമേയം.
23 വർഷമായി മലയാള സീരിയൽ രംഗത്ത് സജീവസാന്നിധ്യമായ സാജൻ സൂര്യയാണ് ഗീതാഗോവിന്ദത്തിലെ നായകൻ. ഗോവിന്ദ് എന്ന കഥാപാത്രത്തെയാണ് സാജൻ അവതരിപ്പിക്കുന്നത്. പുതുമുഖതാരമായ ബിന്നിയാണ് സീരിയലിലെ നായികയായ ഗീതാഞ്ജലിയ്ക്കു ജീവൻ നൽകുന്നത്. 'ഗീതാഗോവിന്ദം' സ്വീകരണമുറയിൽ വിജയകരമായി യാത്ര തുടരുമ്പോൾ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് മനസ്സുതുറക്കുകയാണ് സാജൻ സൂര്യയും ബിന്നി സെബാസ്റ്റ്യനും.
2000 മുതൽ സീരിയൽ രംഗത്ത് സജീവമായി നിൽക്കുന്ന താരമാണ് സാജൻ സൂര്യ. സ്ത്രീയിലെ ഗോപനും അമ്മതൊട്ടിലിലെ ശരത് ചന്ദ്രനും കുങ്കുമപൂവിലെ മഹേഷുമെല്ലാം സാജൻ സൂര്യയെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി. നാളുകൾക്കു ശേഷം നായകനായി വീണ്ടുമെത്തുമ്പോൾ വളരെയെറെ സന്തോഷവും ആകാംക്ഷയും സാജന്റെ വാക്കുകളിലുണ്ട്.
"ശത്രുവിന്റെ മകളെ വിവാഹം ചെയ്യുന്നതും അവരുടെ കുടുംബജീവിതവുമെക്കെയാണ് ഗീതാഗോവിന്ദത്തിന്റെ പ്രമേയം. സീരിയിലിൽ കൂടുതലും പുതുമുഖങ്ങളാണുള്ളത്. എന്റെ രണ്ടാനമ്മയുടെ കഥാപാത്രം അവതരിപ്പിക്കുന്ന വ്യക്തിയുടെ പ്രായത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഗോവിന്ദിനും അമ്മയ്ക്കും ഒരേ പ്രായമാണെന്ന രീതിയിൽ. എന്നാൽ അതു നമ്മൾ മനപൂർവം ചെയ്തതാണ് കാരണം ഗോവിന്ദിന് പതിനെട്ടു വയസ്സുള്ളപ്പോഴാണ് അച്ഛൻ രണ്ടാനമ്മയെ വിവാഹം ചെയ്യുന്നത് അപ്പോൾ പ്രായം അങ്ങനെയായിരിക്കുമല്ലോ. ഈ സീരിയലിലെ ഓരോ കഥാപാത്രത്തെയും വളരെ വ്യക്തമായ രീതിയിലാണ് ക്രാഫ്റ്റ് ചെയ്തിരിക്കുന്നത്," ഗീതാഗോവിന്ദത്തിനെതിരെ ഉയരുന്ന ട്രോളുകളെ കുറിച്ച് സാജൻ സൂര്യ.
സീരിയൽ ടെലികാസ്റ്റ് ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ തങ്ങളെ തേടിയെത്തുന്ന പ്രതികരണങ്ങൾ ഒരുപാട് പ്രതീക്ഷ നൽകുന്നുവെന്നും സാജൻ പറയുന്നു. "പ്രായ വ്യത്യാസമില്ലാതെ എല്ലാ വിഭാഗക്കാരും സീരിയൽ കാണുന്നുണ്ടെന്നതാണ് സന്തോഷം. എന്റെ വീട്ടിൽ തന്നെ നോക്കിയാൽ അമ്മയ്‌ക്ക് ഗീതാഗോവിന്ദം വളരെയധികം ഇഷ്ടപ്പെട്ടു. സീരിയിലിനു നല്ലൊരു കഥയുള്ളതു കൊണ്ട് കാണാൻ ഒരു ആകാംക്ഷയുണ്ടെന്നാണ് ആളുകൾ പറയുന്നത്."
സീരിയൽ മേഖലയിലെ മാറ്റങ്ങൾ
"ഞാൻ വന്ന കാലഘട്ടത്തിൽ ത്രില്ലറുകൾക്കും കോമഡികൾക്കുമായിരുന്നു മുൻതൂക്കം. പിന്നീട് അമ്മയെ അറിയാത്ത മകൾ, അമ്മായിയമ്മ പോര് അങ്ങനെയുള്ള വിഷയങ്ങളായി. ഇപ്പോൾ എനിക്ക് തോന്നുന്നു ചെറിയ വിഷയങ്ങൾക്കാണ് സീരിയൽ പ്രാധാന്യം നൽകുന്നതെന്നത്. സിനിമാറ്റിക്ക് രീതിയിൽ ചിത്രീകരിക്കാനും ആരംഭിച്ചിട്ടുണ്ട്. ഇതൊക്കെയാണ് നല്ല വശങ്ങൾ എന്നാൽ ചില നെഗറ്റീവ് കാര്യങ്ങളുമുണ്ട്. സോഷ്യൽ മീഡിയ സീരിയലുകളെ വളരെയധികം അടിച്ചു താഴ്ത്തുന്നുണ്ട്. നമ്മുടെ സീരിയലിനെ മാത്രമല്ല മുഴുവൻ സീരിയൽ മേഖലയിലും അങ്ങനെ തന്നെയാണ്. രണ്ടു സീരിയലുകൾ നിർത്തിയിട്ടാണ് ഗീതാഗോവിന്ദം ആരംഭിച്ചതെന്നതു കൊണ്ടുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്," സാജൻ സൂര്യ പറഞ്ഞു.
'തോപ്പിൽ ജോപ്പൻ' എന്ന ചിത്രത്തിലൂടെയായിരുന്നു ബിന്നി സെബാസ്റ്റിൻ എന്ന നടിയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സീരിയൽ താരം നൂബിൻ ജോണിയുടെ പ്രിയതമയായി ബിന്നി ശ്രദ്ധ നേടി. ഇപ്പോൾ ഗീതാഗോവിന്ദത്തിലെ ഗീതാഞ്ജലിയായി ഞെട്ടിക്കുകയാണ് ബിന്നി. വെറുമൊരു അഭിനേത്രി മാത്രമല്ല ബിന്നി, ഒരു ഡോക്ടർ കൂടിയാണ്. മോഡലിംഗിലും സജീവമാണ് താരം.
പണ്ടു മുതലേ അഭിനയ മോഹമുള്ള ബിന്നിയ്ക്ക് സിനിമയോടായിരുന്നു താത്‌പര്യം. അവസരങ്ങൾ കാത്തിരിക്കുമ്പോഴാണ് ഭർത്താവ് നൂബിനുമൊത്ത് ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്‌സിൽ പങ്കെടുക്കാനെത്തിയത്. അവിടെ വച്ച് ബിന്നിയെ കണ്ട ഗീതാഗോവിന്ദത്തിലെ പ്രൊഡക്ഷൻ കൺട്രോളറാണ് ഗീതാഗോവിന്ദത്തിലേക്ക് ക്ഷണിക്കുന്നത്. അങ്ങനെ ഭർത്താവിന്റെ പിന്തുണയോടെ ബിന്നി സീരിയൽ മേഖലയിൽ അരങ്ങേറ്റം കുറിച്ചു.
ഗീതാഗോവിന്ദം ടെലികാസ്റ്റ് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ പ്രതികരണങ്ങൾ കേൾക്കുന്നതിന്റെ ത്രില്ലിലാണ് ബിന്നി. ആളുകൾ തന്നെ തിരിച്ചറിയാൻ തുടങ്ങിയെന്നും മേസേജ് അയച്ചും ഫോൺ വിളിച്ചും പ്രേക്ഷകർ പ്രതികരണം അറിയിക്കുന്നുണ്ടെന്നും ബിന്നി പറയുന്നു.
ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്‌ടറായി പ്രാക്റ്റീസ് ചെയ്യുന്നതിനിടയിലാണ് ബിന്നി സീരിയൽ രംഗത്ത് സജീവമാവുന്നത്. "വിവാഹത്തിനായി നാട്ടിൽ വന്ന ശേഷം മോഡലിങ്ങും അഭിനയവുമൊക്കെയായി അങ്ങ് കൂടുകയായിരുന്നു, ഇപ്പോൾ അഭിനയത്തിൽ തന്നെ ചുവടുറപ്പിക്കാനാണ് ആഗ്രഹിക്കുന്നത്," ബിന്നി കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.