Bigg Boss Malayalam Season 2: ബിഗ് ബോസ് സീസൺ 2വിന്റെ വിശേഷങ്ങളാണ് കുറച്ചുമാസങ്ങളായി സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. പരിപാടിയെ അനുകൂലിച്ചും പ്രതികൂലിച്ചും മത്സരാർത്ഥികളെ പിന്തുണച്ചും വിമർശിച്ചുമൊക്കെ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ് ബിഗ് ബോസ് പ്രേക്ഷകർ. മത്സരാർത്ഥികളുടെ പേരിലുള്ള ഫാൻ ഗ്രൂപ്പുകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. സൈബർ ആക്രമണങ്ങളുടെ തലത്തിലേക്ക് ഉയരുന്ന ഫാൻ ഫൈറ്റുകളാണ് ഇക്കൂട്ടത്തിൽ അസുഖകരമായ കാഴ്ചകളിലൊന്ന്. ഇപ്പോഴിതാ, ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ ടൈറ്റിൽ വിന്നറും അവതാരകനും നടനുമായ സാബുമോൻ അബ്ദുസമദ്.
രാജ്യം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ഡൽഹി സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസാരിച്ച സാബുമോൻ സംസാരിച്ച ലൈവിനു താഴെ രജിത് ആർമി നടത്തിയ സൈബർ ആക്രമണമാണ് സാബുമോനെ പ്രകോഭിതനാക്കിയിരിക്കുന്നത്. ” മനുഷ്യരാണോ നിങ്ങൾ? രാജ്യത്തിന്റെ അവസ്ഥകളെ കുറിച്ച് സംസാരിക്കുമ്പോൾ അതിനു താഴെ വന്ന് രജിത് ആർമിയുടെ പേരിൽ വന്ന് അസഭ്യം പറയാൻ. ദിവസം വൺ ജിബി ഡാറ്റയും വെച്ച് നിങ്ങൾ ചെയ്യുന്നതല്ല വലിയ കാര്യം, രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നം അതൊന്നുമല്ല. ഒരു റിയാലിറ്റി ഷോ ആയിരിക്കും നിങ്ങളെയൊക്കെ സംബന്ധിച്ച് പ്രധാനം, രാജ്യം അനുഭവിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കൂ, ആദ്യം സഹാനുഭൂതിയും കരുണയുമുള്ള മനുഷ്യനാവൂ.” സാബുമോൻ പറയുന്നു.
ഞങ്ങളുടെ വോട്ട് വാങ്ങിയിട്ടല്ലേ നീ ജയിച്ചത് എന്ന കമന്റുകളോടും സാബുമോൻ പ്രതികരിച്ചു, “ഞങ്ങളുടെ വോട്ട് വാങ്ങിയിട്ടാണ് നീ ജയിച്ചത് എന്ന കമന്റുകൾ കണ്ടു. അങ്ങനെയാണെങ്കിൽ അതെനിക്ക് അപമാനമാണ്, നാണക്കേടാണ്.”
രജിത് കുമാർ ആർമി എന്ന പേരിൽ ഫേക്ക് അക്കൗണ്ടിൽ നിന്നും നടക്കുന്ന സൈബർ ആക്രമണങ്ങളെ വിമർശിച്ച് മുൻപ് ബിഗ് ബോസ് മത്സരാർത്ഥിയായ ദിയ സനയും രംഗത്തു വന്നിരുന്നു. “ബിഗ് ബോസിനോട് എനിക്ക് പറയാനുള്ളത്, ഇതിനി തുടർന്ന് നല്ല രീതിയിൽ പോവണമെന്നില്ല. രജിത് കുമാറിനെ വിന്നർ ആയി വാഴിച്ചിട്ട് ഈ പരിപാടി നിർത്താൻ കഴിയുമോ എന്നാണ് ഞാനിപ്പോൾ ചോദിക്കുന്നത്. അത്രയും വിഷമം ഉള്ളതുകൊണ്ടാണ് പറയുന്നത്. വിമർശനങ്ങളും വ്യക്തിഹത്യകളും കേട്ട് മുന്നോട്ട് കൊണ്ടുപോവേണ്ട കാര്യമില്ല,” എന്നായിരുന്നു ദിയയുടെ പ്രതികരണം.
Read more: ഇതിനി തുടരണമെന്നില്ല; ഈ പരിപാടിയങ്ങ് നിർത്തുന്നതാ ഭേദം; ‘ബിഗ് ബോസ്’ അണിയറക്കാരോട് ദിയ സന