കുടുംബ പ്രേക്ഷകരുടെ ഇഷ്ടം വളരെ പെട്ടെന്നു നേടിയെടുത്ത ഹാസ്യ പരമ്പരയാണ് ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം. പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രമായി എത്തി കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് ശ്രുതി രജനീകാന്ത്. പരമ്പരയിൽനിന്നും ശ്രുതി പിന്മാറുകയാണ്. ചക്കപ്പഴത്തിലെ ലളിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സബിറ്റ ജോര്‍ജാണ് ഈ വിവരം അറിയിച്ചത്.
ശ്രുതിയോടൊപ്പമുള്ള വീഡിയോ പങ്കുവച്ചു കൊണ്ടാണ് ശ്രുതി ഇനി പരമ്പരയിൽ ഇല്ലെന്ന വിവരം സബിറ്റ പങ്കുവച്ചത്. പിഎച്ച്ഡി പഠനത്തിന് വേണ്ടിയാണ് ശ്രുതി പോകുന്നതെന്നും നിന്നോട് യാത്ര പറയുക ബുദ്ധിമുട്ടാണെന്നും സബിറ്റ പറയുന്നു. ശ്രുതിയെ തങ്ങള്‍ മിസ് ചെയ്യുമെന്നും പറ്റുമ്പോഴൊക്കെ വരികയും നിന്റെ റീല്‍ ഫാമിലിയോടൊപ്പം സമയം ചെലവിടുകയും ചെയ്യണമെന്നും സബിറ്റ പറയുന്നുണ്ട്. പരമ്പരയില്‍ പൈങ്കിളിയുടെ അമ്മയുടെ വേഷമാണ് സബിറ്റ അവതരിപ്പിക്കുന്നത്.
നല്ലൊരു നർത്തകി കൂടിയായ ശ്രുതി ബാലതാരമായിട്ടാണ് സീരിയലിലേക്ക് എത്തിയത്. സൂര്യ ടിവിയിലെ കോമഡി സീരിയലായ ‘എട്ടു സുന്ദരികളും ഞാനും’ എന്ന പരമ്പരയിൽ മണിയൻ പിള്ള രാജുവിന്റെ മരുമകളുടെ വേഷം ചെയ്തത് ശ്രുതി ആയിരുന്നു. ജാഫർ ഇടുക്കി എന്ന നടനെ ശ്രദ്ധേയനാക്കിയ സീരിയൽ കൂടിയായിരുന്നു അത്. പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ‘ചിലപ്പോൾ പെൺകുട്ടി’എന്ന സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.
നേരത്തെ ചക്കപ്പഴം പരമ്പരയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന അര്‍ജുന്‍ സോമശേഖറും ഉത്തമനായി എത്തിയ ശ്രീകുമാറും പിന്മാറിയിരുന്നു.
Read More: പൈങ്കിളിക്കു ചക്കപ്പഴം കുടുംബത്തിന്റെ പിറന്നാൾ ആശംസ