‘ചക്കപ്പഴം’ സീരിയലിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സബീറ്റ ജോർജ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവരാൻ സാധിച്ച സബീറ്റയ്ക്ക് സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുണ്ട്. എന്നാൽ ഇനി ചക്കപ്പഴത്തിലെ ലളിതാമ്മയായി തുടരാൻ സബീറ്റയില്ലെന്ന വാർത്തയാണ് പുറത്തുവരുന്നത്. സബീറ്റ തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ വാർത്ത പങ്കുവച്ചിരിക്കുന്നത്.”തന്ന സ്നേഹത്തിനും , കരുതലിനും ഒരുപാട് നന്ദിയുണ്ട് . എന്നാൽ ഇനി നിങ്ങളുടെ ലളിതാമ്മയായി തുടരാനാവില്ല.. കാരണങ്ങൾ നിരത്താനും ആഗ്രഹിക്കുന്നില്ല .ചില സമയത്ത് നിശബ്ദതയാണ് പവർഫുൾ. തുടർന്നും എവിടെയെങ്കിലും ഒക്കെ വെച്ച് നമ്മൾ കണ്ടുമുട്ടും എന്നെനിക്കുറപ്പുണ്ട്.എന്റെ അഭാവത്തിലും ചക്കപ്പഴം നിങ്ങളെ ചിരിപ്പിക്കുകയും , ചിന്തിപ്പിക്കുകയും ഒക്കെ ചെയ്യട്ടെ. . ചേർത്ത് നിർത്തുക. കഴിയുവോളം” സബീറ്റ കുറിച്ചു.
സീരീയലിൽ നിന്ന് സബീറ്റ മാറുന്നതിന്റെ കാരണം വ്യക്തമല്ല. സബീറ്റയുടെ അഭാവത്തിൽ ചക്കപ്പഴം ഒരിക്കലും പൂർണമാകില്ലെന്നാണ് ആരാധകർ പോസ്റ്റിനു താഴെ പറയുന്നത്.
കോട്ടയം കടനാട് ആണ് സബീറ്റയുടെ സ്വദേശം. ചെന്നൈ എയർപോർട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ വിവാഹിതയായ സബീറ്റ പിന്നീട് കുടുംബസമേതം അമേരിക്കയിലേക്ക് ചേക്കേറി. അമേരിക്കൻ അംഗത്വമുള്ള വ്യക്തിയാണ് സബീറ്റ. പത്തു വർഷം മുൻപ് സബീറ്റ വിവാഹമോചനം നേടി. രണ്ടു മക്കളാണ് സബീറ്റയ്ക്ക്, ഇതിൽ മൂത്തയാളായ മാക്സ് 2017ൽ മരിച്ചു. സാഷ എന്നൊരു മകൾ കൂടിയുണ്ട് സബീറ്റയ്ക്ക്.
ചെറുപ്പക്കാലത്ത് ക്ലാസിക്കൽ മ്യൂസിക്കിലും ഡാൻസിലുമെല്ലാം താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ‘ഉപ്പും മുളകും’ താരം കോട്ടയം രമേശ് ആണ്.