സരിഗമപ താരം അശ്വിൻ വിജയൻ വിവാഹിതനായി. സരസ്വതിയാണ് വധു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സരിഗമപയിലെ സഹമത്സരാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ അശ്വിന് വിവാഹ ആശംസകൾ നേർന്നിട്ടുണ്ട്.

കോയമ്പത്തൂരിലാണ് സച്ചു എന്ന സരസ്വതി താമസിക്കുന്നത്. സരസ്വതിയുടെ അച്ഛന്റെ നാട് തിരുവനന്തപുരത്തും അമ്മയുടേത് പാലക്കാടുമാണ്. ഡാൻസറും പാട്ടുകാരിയുമാണ് സരസ്വതി. പ്രണയ വിവാഹമല്ല തന്റേതെന്നും വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണെന്നും അശ്വിൻ മുൻപ് വ്യക്തമാക്കിയിരുന്നു. താൻ പാടുമെന്നതിനെക്കുറിച്ച് സരസ്വതിക്ക് അറിയുമായിരുന്നില്ല. സരസ്വതിയുടെ അച്ഛന് സരിഗമപ ഷോ കാണാറുണ്ടായിരുന്നു. വിവാഹം ഉറപ്പിച്ചതിനുശേഷമാണ് സരസ്വതി തന്റെ പാട്ട് കേട്ടതെന്നും അശ്വിൻ പറഞ്ഞിരുന്നു.
ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന റിയാലിറ്റി ഷോകളിൽ ഒന്നാണ് സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്ത ‘സരിഗമപ’. ലിബിൻ സഖറിയ, അക്ബർ ഖാൻ, അശ്വിന് വിജയന് എന്നിങ്ങനെ ഒരുപിടി യുവപ്രതിഭകളെയാണ് ഈ റിയാലിറ്റി ഷോ മലയാളക്കരയ്ക്ക് സമ്മാനിച്ചത്. ഈ പ്രതിഭകൾക്കെല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുമുണ്ട്.
ഇന്‍ഫോസിസില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് പാലക്കാട് സ്വദേശിയായ അശ്വിൻ സരിഗമപ ഷോയിലെത്തിയത്. തിരുവനന്തപുരം ടെക്നോപാർക്കിൽ സോഫ്റ്റ്വെയർ ഡെവലപ്പർ ആണ് അശ്വിൻ. ടെക്കി ഗായകൻ എന്നാണ് അശ്വിന് ആരാധകർ നൽകിയ പേര്. അഞ്ചാം വയസ്സുമുതൽ കർണ്ണാടക സംഗീതം അഭ്യസിച്ചു തുടങ്ങിയ തനിക്ക് സരിഗമപ വലിയൊരു വഴിത്തിരിവായിരുന്നുവെന്ന് അശ്വിൻ പറഞ്ഞിരുന്നു. അശ്വിൻ വിജയൻ കളക്ടീവ് എന്ന പേരിൽ ഒരു ബാൻഡും അശ്വിനുണ്ട്.