ആരെയും ആകർഷിക്കുന്ന ശബ്ദം കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ഗായകനാണ് അക്ബർ ഖാൻ. സരിഗമപ എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെയാണ് മലയാളികൾ ഈ തൃശൂർക്കാരനെ കൂടുതൽ അടുത്തറിഞ്ഞത്. ഒരു നല്ല ഗായകൻ എന്നതിൽ ഉപരി സൗണ്ട് എഞ്ചിനീയർ, പ്രോഗ്രാമർ, റിഥം ഗിറ്റാറിസ്റ്റ് തുടങ്ങിയ നിലകളിലും തിളങ്ങുന്ന താരമാണ് അക്ബർ ഖാൻ. ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകളിലും അക്ബർ പങ്കെടുത്തിട്ടുണ്ട്. ‘മാർഗംകളി’ എന്ന ചിത്രത്തിലൂടെ സിനിമാ പിന്നണി ഗാനരംഗത്തും അക്ബർ ഖാൻ ചുവടുവെച്ചിരുന്നു. വലിയൊരു ആരാധകവൃന്ദവും ഈ യുവഗായകന് ഇന്നുണ്ട്.
ഇപ്പോഴിതാ, തന്റെ ചങ്കുലച്ചു കളഞ്ഞ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് അക്ബർ. ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിലാണ് തന്നെ തേടിയെത്തിയ ഒരു ആരാധികയുടെ സമ്മാനത്തെ കുറിച്ചും ആ സമ്മാനത്തിനു പിന്നിലെ കഥയെ കുറിച്ചുമൊക്കെ അക്ബർ മനസ്സു തുറന്നത്.സി ആർപിഎഫിൽ ജോലി ചെയ്തിരുന്ന ജിനു എന്ന ഒരു ആരാധിക മരിക്കും മുൻപ് തനിക്കായി വാങ്ങിവച്ച ഒരു സമ്മാനത്തെ കുറിച്ചാണ് അക്ബർ വീഡിയോയിൽ സംസാരിക്കുന്നത്.
തന്റെ വലിയൊരു ആരാധികയായിരുന്നു ജിനുവെന്നും കാൻസറിന്റെ നാലാം സ്റ്റേജിനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുമ്പോഴും തന്നോട് സംസാരിക്കണമെന്നായിരുന്നു ജിനുവിന്റെ ആഗ്രഹമെന്നും അക്ബർ പറയുന്നു. “ആളുടെ അവസാനത്തെ ആഗ്രഹം എന്നോട് സംസാരിക്കണം എന്നായിരുന്നു. ജിനുവിന്റെ ഒരു സുഹൃത്താണ് എന്നെ വിളിച്ച് രോഗവിവരം പറയുന്നത്. ആ കുട്ടിയുടെ മെസേജ് വരുന്നത് രാത്രിയിലാണ്, രാവിലെ, ജിനുവിനെ വിളിച്ച് സംസാരിക്കാം എന്ന് ഞാൻ മറുപടി നൽകുകയും ചെയ്തു. എന്നാൽ പിറ്റേദിവസം കേൾക്കുന്നത് ആ കുട്ടി മരിച്ചു എന്നാണ്. ആ സമയത്ത് എനിക്കുണ്ടായ വിഷമം പറയാനറിയില്ല. ചങ്ക് തകർന്ന അവസ്ഥയായിരുന്നു. പാടാൻ കഴിയുന്നില്ല, ഉറങ്ങാനാവുന്നില്ല, ഒന്നിനും കഴിയാത്ത മാനസികാവസ്ഥ. അതിനു ശേഷം മരിച്ച പെൺകുട്ടിയുടെ ഡയറി എനിക്ക് കാണാൻ കഴിഞ്ഞു, അതിൽ രണ്ടുപേജ് നിറച്ചും എന്നെ കുറിച്ചായിരുന്നു എഴുതിയിരുന്നത്. അത് ഒരുപാട് വിഷമം ഉണ്ടാക്കി.”
“അവൾ മരിക്കുന്നതിനു മുൻപ് എനിക്ക് വേണ്ടി വാങ്ങിവച്ച ഗിഫ്റ്റ് ആണ്. എന്നാൽ ഗിഫ്റ്റ് എനിക്ക് കിട്ടുമ്പോൾ ഈ ലോകത്തുനിന്നും അവൾ പോയിരുന്നു. രണ്ടുമാസം ആയിട്ടും എനിക്ക് ഈ സമ്മാനം തുറന്നു നോക്കാൻ പറ്റുന്നുണ്ടായിരുന്നില്ല, വിഷമം കൊണ്ട്. ഈ കൊറോണയും മറ്റും കഴിഞ്ഞിട്ട് ആ കുട്ടിയെ സംസ്കരിച്ച സ്ഥലത്ത് പോയി പ്രാർത്ഥിക്കണം എന്നുണ്ട്,” അക്ബർ പറയുന്നു.