Bigg Boss Malayalam Season 4: ബിഗ് ബോസ് ഷോയിൽ നിന്നും 91-ാം ദിവസം പടിയിറങ്ങിയ മത്സരാർത്ഥി റോൺസൺ വിൻസെന്റ് ആയിരുന്നു. നിലപാടുകളിൽ മൃദു സമീപനം കൈകൊണ്ട റോൺസൺ സഹമത്സരാർത്ഥികളിൽ നിന്നു തന്നെ പലപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ആ വിമർശനങ്ങൾക്കുമപ്പുറം സ്നേഹവും കരുതലും നന്മയും പെരുമാറ്റവും കൊണ്ട് പ്രേക്ഷകരുടെയും സഹമത്സരാർത്ഥികളുടെയും ഇഷ്ടം കവർന്നുകൊണ്ടാണ് റോൺസൺ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയത്.
ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയെങ്കിലും നിലവിൽ മുംബൈയിൽ തന്നെ തുടരുകയാണ് റോൺസൺ. ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തതിനു ശേഷമേ റോൺസൺ നാട്ടിലേക്ക് തിരിക്കൂ. ഇപ്പോൾ റോൺസനെ കാണാനായി ഭാര്യ നീരജ മുംബൈയിലെത്തിയിരിക്കുകയാണ്.
മൂന്നു മാസങ്ങൾക്കു ശേഷം പ്രിയപ്പെട്ടവളെ നേരിൽ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് റോൺസൺ. നീരജയെ മുംബൈ എയർപോർട്ടിൽ സ്വീകരിക്കാൻ എത്തിയപ്പോൾ പകർത്തിയ ഒരു വീഡിയോയും റോൺസൺ ഷെയർ ചെയ്തിട്ടുണ്ട്.
റോണ്‍സനെ പോലെ നീരജയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ഒരു കാലത്ത് മലയാള സിനിമയില്‍ ബാലതാരമായി നിറഞ്ഞു നിന്നിരുന്ന ആളാണ് നീരജ. ഇപ്പോള്‍ അഭിനയം വിട്ട് തന്റെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഡോക്ടറായി ജോലി ചെയ്യുകയാണ് നീരജ. വ്യത്യസ്ത മതത്തില്‍പ്പെട്ട ഇവര്‍ 2020ല്‍ ആണ് വിവാഹിതരായത്.