Bigg Boss Malayalam Season 4: മിനിസ്ക്രീനിലെ ശ്രദ്ധേയ മുഖമാണ് റോൺസൺ വിൻസെന്റ്. സംവിധായകന് എ വിന്‍സന്റിന്റെ സഹോദരനും നടനുമായ റോണി വിന്‍സന്റിന്റെ മകനാണ് റോണ്സണ്. റോബി വിൻസെന്റ്, സാബു സിറിൽ എന്നു തുടങ്ങി നിരവധി സെലിബ്രിറ്റികളുള്ള വീട്ടിൽ നിന്നാണ് റോൺസന്റെ വരവെങ്കിലും വളരെ അപ്രതീക്ഷിതമായി അഭിനയരംഗത്ത് എത്തിയ നടനാണ് റോൺസൺ.
മമ്മൂട്ടിയുടെ വില്ലനായി അഭിനയിക്കുക എന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്ന് പറയുകയാണ് റോൺസൺ. നിരവധി സീരിയലുകളിലും തെലുങ്ക് സിനിമയിലും ഏതാനും മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും കരിയറിൽ വേണ്ടത്ര വിജയിക്കാൻ തനിക്കായില്ലെന്ന് തുറന്നു പറയുകയാണ് റോൺസൺ. കുടുംബത്തിന്റെ സിനിമാപാരമ്പര്യം തന്റെ തലയ്ക്ക് മുകളിൽ ബാധ്യതയായി നിൽക്കുന്നുവെന്നും കരിയറിൽ ബ്രേക്ക് ആവുന്ന ഒരു കഥാപാത്രത്തിനായി താൻ കാത്തിരിക്കുകയാണെന്നും റോൺസൺ പറയുന്നു.
“അച്ഛനും അമ്മയ്ക്കും അഭിമാനമാവുന്ന രീതിയിലുള്ള ഒരു നടനാവണമെന്നാണ് എന്റെ ആഗ്രഹം. ഒരു സിനിമയിൽ എങ്കിലും മമ്മൂക്കയുടെ വില്ലനായി അഭിനയിക്കണമെന്നാണ് ആഗ്രഹം. മമ്മൂക്കയുടെ കാലിൽ വീണിട്ടാണേലും എന്റെ അച്ഛനമ്മമാരുടെ ആഗ്രഹം ഞാൻ നടത്തും,” ബിഗ് ബോസ് ഷോയ്ക്കിടയിൽ മത്സരാർത്ഥികൾ തങ്ങളുടെ ജീവിതകഥ പറയുന്ന ‘സെൽഫി’ എന്ന ടാസ്കിനിടെയാണ് റോൺസൺ തന്റെ സ്വപ്നത്തെ കുറിച്ച് പറഞ്ഞത്.
തെലുങ്ക് സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് മിനിസ്ക്രീനിലേക്കുള്ള റോൺസന്റെ അരങ്ങേറ്റം. ഭാര്യ, സീത, അനുരാഗം, കൂടത്തായി, അരയന്നങ്ങളുടെ വീട് എന്നു തുടങ്ങിയ സീരിയലുകളാണ് റോൺസനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കിയത്. നായക കഥാപാത്രത്തിനൊപ്പം ധാരാളം സീരിയലുകളിൽ വില്ലനായും റോൺസൺ അഭിനയിച്ചിട്ടുണ്ട്.
അഭിനയം, മോഡലിംഗ് എന്നീ മേഖലകൾക്കു പുറമെ ബിസിനസ്, ഇന്റീരിയർ ഡിസൈനിങ്, വോൾ ആർട്ട്, ഫാഷൻ ഡിസൈനിംഗ് തുടങ്ങിയ കാര്യങ്ങളിലും തൽപ്പരനാണ് റോൺസൺ. ‘മുമ്പേ പറക്കുന്ന പക്ഷികള്‍’, ‘മഞ്ഞുകാലവും കഴിഞ്ഞ്’ തുടങ്ങിയ സിനിമകളിലൂടെയും നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ ബാലതാരമായിരുന്ന നീരജയെയാണ് റോണ്സണ് വിവാഹം ചെയ്തത്. ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് നീരജ ഇപ്പോൾ. 2020 ഫെബ്രുവരി രണ്ടാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം.