ബിഗ് ബോസ് സീസണ്‍ നാലിലൂടെ വലിയ ആരാധക വൃന്ദത്തെ നേടിയെടുത്ത താരമാണ് ഡോ റോബിന്‍ രാധാകൃഷ്ണന്‍. ഷോ അവസാനിച്ചെങ്കിലും റോബിന്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റു പൊതു പരിപാടികളിലും തന്റെ സാന്നിധ്യം അറിയിച്ച് പ്രേക്ഷകര്‍ക്കിടയില്‍ സജീവമാണ്. ഒരു അഭിമുഖത്തിലൂടെ പരിചയപ്പെട്ട നടിയും, ഫാഷന്‍ ഡിസൈനറുമായ ആരതിയുമായി പ്രണയത്തിലാണെന്നും അധികം വൈകാതെ തന്നെ വിവാഹമുണ്ടാകുമെന്നും റോബിന്‍ പറഞ്ഞിരുന്നു.
റോബിനു ആരതി നല്‍കിയ സര്‍പ്രൈസ് പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ ഒരാള്‍ക്കു ഇങ്ങനെ സര്‍പ്രൈസ് നല്‍കുന്നത്. ഇതു മനോഹരമാക്കി തീര്‍ക്കുവാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. നിങ്ങളെ സന്തോഷിപ്പിക്കാനായിയാണ് ഇതെല്ലാം ഒരുക്കിയത്. അതുപോലെ തന്നെ നിങ്ങളുടെ മുഖത്തു നിറഞ്ഞ ചിരി എന്നെ സന്തോഷവതിയാക്കി’ ആരതി വീഡിയോ പങ്കുവച്ചു കൊണ്ട് കുറിച്ചു.
റോബിനു ഏറെ പ്രിയപ്പെട്ടവര്‍ സര്‍പ്രൈസ് നല്‍കാനായി പാര്‍ട്ടിയില്‍ എത്തിയിരുന്നു. ആരതിയെ പോലൊരു പ്രണയിനിയെ ലഭിച്ചതില്‍ റോബിന്‍ ഭാഗ്യം ചെയ്തിരിക്കുന്നു എന്നാണ് വീഡിയോയ്ക്കു താഴെയുളള ആരാധക കമന്റുകള്‍.
കഴിഞ്ഞ ദിവസം റോബിനും ആരതിയും ഒരുമിച്ച് ഒരു പരിപാടിയിലെത്തിയിരുന്നു. വലിയ ആള്‍കൂട്ടമാണ് ഇരുവരെയും കാണാനായി എത്തിയത്. കല്ല്യാണം എന്നായിരിക്കും എന്ന ആരാധകരുടെ ചോദ്യത്തിനും തന്റെ ചിത്രത്തിന്റെ റിലീസിനു ശേഷം ഉടനെയുണ്ടാകുമെന്നാണ് ആരതി മറുപടി നല്‍കിയത്.
ബിഗ് ബോസിൽ എത്തും മുൻപു തന്നെ സോഷ്യൽ മീഡിയയിലെ താരമാണ് റോബിൻ. ഡോ.മച്ചാൻ എന്ന പേരിലാണ് റോബിൻ അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് റോബിൻ ബിഗ് ബോസിൽ എത്തിയത്. കൗമുദി ടീവിയിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന പരമ്പരയും ഏറെ ജനപ്രീതി നേടിയതാണ്.റോബിനെ നായകനാക്കി ഏതാനും സിനിമകളും അണിയറയിൽ ഒരുങ്ങാനിരിക്കുകയാണ്.