ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെയാണ് റോബിൻ രാധാകൃഷ്ണൻ ഏറെ ശ്രദ്ധ നേടിയത്. ഷോയിൽ നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്തു പോവേണ്ടി വന്നെങ്കിലും വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ റോബിനു സാധിച്ചിരുന്നു. നടിയും സംരംഭകയും മോഡലുമായ ആരതി പൊടിയുമായുള്ള റോബിന്റെ പ്രണയവും വിവാഹനിശ്ചയവുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.
അതിനൊപ്പം റോബിനെ ചുറ്റിപ്പറ്റി ഏറെ വിവാദങ്ങളും രംഗം കൊഴുപ്പിക്കുന്നുണ്ട്. റോബിനെതിരെ നിരവധി ആരോപണങ്ങളുമായി സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാടും രംഗത്തുണ്ട്. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ഉടനെ റോബിന്റെ ചില സിനിമ പ്രൊജക്റ്റുകൾ പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും അതൊന്നും തുടർ നടപടികളുമായി മുന്നോട്ടു പോവാത്തതും വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് വഴി തുറന്നിരുന്നു.
അതിനിടയിൽ, താൻ സംവിധായകനായി വരുന്ന രാവണയുദ്ധം എന്ന ചിത്രം അനൗൺസ് ചെയ്യുകയും ചെയ്തിരുന്നു റോബിൻ. ചിത്രത്തില്‍ നായകനാവുന്നതും റോബിൻ തന്നെ. രാവണയുദ്ധം ശ്രീലങ്കയിലാവും ചിത്രീകരിക്കുക എന്ന് റോബിൻ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ, ചിത്രത്തിന്റെ ലൊക്കേഷൻ കാണാനും മറ്റുമായി ശ്രീലങ്കയിലെത്തിയിരിക്കുകയാണ് റോബിൻ. റോബിന്റെ ശ്രീലങ്കൻ യാത്രയുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ശ്രീലങ്കൻ വിമാനത്താവളത്തിൽ എത്തിയ ശേഷമുള്ള വീഡിയോ ആണ് റോബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.