Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം നാലാം സീസണിലെ ബദ്ധശത്രുക്കളായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണനും ജാസ്മിൻ മൂസയും. റോബിന്റെ സ്ട്രാറ്റജികളെ എന്നും ചോദ്യം ചെയ്ത ജാസ്മിൻ ഷോ കഴിഞ്ഞിട്ട് ഇറങ്ങിയിട്ടും പലപ്പോഴും സോഷ്യൽ മീഡിയയിൽ റോബിനുമായി ഏറ്റുമുട്ടിയിരുന്നു. റോബിനെതിരെ എപ്പോഴും വിമർശനവുമായി രംഗത്തെത്താറുള്ള ജാസ്മിന് റോബിൻ ഫാൻസിൽ നിന്നും വലിയ രീതിയിൽ സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നു.
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ അതിഥിയായി എത്തിയ റോബിനെ അച്ചടക്ക നടപടിയുടെ പേരിൽ ഷോയിൽ നിന്നും പുറത്താക്കിയതിനു പിന്നാലെ ജാസ്മിൻ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“നന്ദി ബിഗ് ബോസ്.
പുച്ഛവും ദേഷ്യവും വെറുപ്പും ആയിരുന്നു.
അടഞ്ഞ വാതിലിനു പിന്നിൽ ഞാൻ കരഞ്ഞ എണ്ണമില്ലാത്ത രാത്രികൾ, ആൾക്കൂട്ടത്തിനെതിരെ ശബ്ദമുയർത്തിയ നാളുകൾ, ഞാൻ തനിയെ പോരാടിയ ആ യുദ്ധങ്ങളെ കുറിച്ച് ആർക്കുമറിയില്ല. വേദന മറച്ചുപിടിച്ച് ഞാൻ ചിരിച്ച ചിരികൾ… ഹൃദയം നുറുങ്ങിപ്പോയ നിമിഷങ്ങൾ.. ഓൺലൈനിലൂടെയുള്ള ആക്രമണങ്ങളും വിദ്വേഷ മേസേജുകളും.. എല്ലാം അവരെ സന്തോഷിപ്പിച്ച് സംസാരിക്കാതിരുന്നതിനായിരുന്നു..
ലക്ഷകണക്കിന് ആരാധകരുള്ള ഈ ഒരു പ്രോഗ്രാം, ഇന്ന് മുതൽ ഒരു കട്ട ഫാൻ ഗേൾ ആയി എന്നെ മാറ്റിയിരിക്കുന്നു.
ധൈര്യമെന്നത്, ആൾക്കൂട്ടത്തെ കേൾക്കാതെ നിങ്ങളുടെ ബോധത്തെ പിൻതുടരുക എന്നതാണ്… മറ്റുള്ളവർക്ക് വേണ്ടി വ്യക്തിപരമായ നേട്ടങ്ങൾ ത്യജിക്കുക എന്നതാണ്… മറ്റാരും സമ്മതിച്ചില്ലെങ്കിലും നിങ്ങളുടെ മനസ്സു പറയും പോലെ സംസാരിക്കുക, നിങ്ങളുടെ പ്രവൃത്തികളുടെയും തെറ്റുകളുടെയും മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കുക… പരിണിതഫലങ്ങൾ ഓർക്കാതെ നിങ്ങൾക്ക് ശരിയെന്നു തോന്നുന്നത് ചെയ്യുന്നതാണ്…
ഈ അവസരത്തിൽ പ്രൊഡ്യൂസറെയും ഡയറക്ടറെയും തെറി വിളിച്ചതിൽ ഞാൻ എന്റെ പട്ടി സിയാലോ ആണേ സത്യം, അതിയായ ഖേദം അറിയിക്കുന്നു. കൂടാതെ അന്ന് പൊട്ടിച്ച ചട്ടിക്ക് പകരമായി ഒരു പത്തു ചട്ടി ഞാൻ വാങ്ങി തരാൻ റെഡിയുമാണ്. ഉമ്മ. നന്ദി ഉണ്ട് വല്യണ്ണാ,” എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ജാസ്മിൻ കുറിച്ചത്.

ബിഗ് ബോസിനെ പോലും വെല്ലുവിളിക്കുകയും അച്ചടക്കലംഘനം നടത്തുകയും ചെയ്തതിന്റെ പേരിലാണ് റോബിനെ ഷോയിൽ നിന്നും പുറത്താക്കിയത്.