ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയ്ക്കിടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കാൻ റോബിനു സാധിച്ചിരുന്നു. ഷോ അവസാനിച്ചിട്ടും ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിലാണ് റോബിൻ. റോബിനെ നായകനാക്കി ഏതാനും സിനിമകളും അണിയറയിൽ ഒരുങ്ങാനിരിക്കുകയാണ്.
സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് താരം. കുറച്ചുമാസങ്ങളായി റോബിന്റെ പേരിനൊപ്പം സോഷ്യൽമീഡിയ ചർച്ച ചെയ്യുന്ന പേരാണ് ആരതി പൊടി. നടിയും മോഡലുമായ ആരതിയ്ക്കൊപ്പം റോബിൻ പങ്കുവച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ആരതിയുമായി പ്രണയത്തിലാണോ എന്ന് ആരാധകർ റോബിനോട് ചോദിക്കുകയും ചെയ്തിരുന്നു. ആരതിയുമായി നല്ല സൗഹൃദം മാത്രമാണ് ഇപ്പോൾ ഉള്ളതെന്നായിരുന്നു റോബിന്റെ മറുപടി.
എന്നിരുന്നാലും, ആരതിയ്ക്ക് ഒപ്പമുള്ള വീഡിയോകളും റീലുകളുമൊക്കെ ഇടയ്ക്കിടെ റോബിൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയോ എന്ന സംശയത്തിലാണ് ആരാധകരും. ഔദ്യോഗികമായി ഇരുവരും പ്രണയം പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ് റോബിൻ ആരാധകർ.
ഇപ്പോഴിതാ, പാതിരാത്രി ആരതിയുടെ സ്ഥാപനത്തിലെത്തി സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് റോബിൻ. ഡിസൈനറും സംരഭകയും കൂടിയായ ആരതിയുടെ പൊടീസ് ബൊട്ടീക്കിന്റെ പ്രൊഡക്ഷൻ യൂണിറ്റിൽ ആണ് സർപ്രൈസുമായി റോബിൻ എത്തിയത്. ആരതി തന്നെയാണ് റോബിൻ പ്രൊഡക്ഷൻ യൂണിറ്റിലെത്തിയ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ആരതിയ്ക്ക് ഒപ്പമുള്ള ഒരു റൊമാന്റിക് റീലും റോബിൻ ഷെയർ ചെയ്തിരുന്നു.
ബിഗ് ബോസിൽ എത്തും മുൻപു തന്നെ സോഷ്യൽ മീഡിയയിലെ താരമാണ് റോബിൻ. ഡോ.മച്ചാൻ എന്ന പേരിലാണ് റോബിൻ അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് റോബിൻ ബിഗ് ബോസിൽ എത്തിയത്. കൗമുദി ടീവിയിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന പരമ്പരയും ഏറെ ജനപ്രീതി നേടിയതാണ്.