scorecardresearch
Latest News

അസമത്വങ്ങൾക്കും വിവേചനങ്ങൾക്കും എതിരെ നിലകൊള്ളാൻ വെളിച്ചമായതിന് നന്ദി; ഷക്കീലയോട് റിയാസ്

“സിനിമാ മേഖലയിൽ പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള ഷക്കീലാ മാമിനെ പോലെയുള്ള ഒരാൾ ഇപ്പോഴും ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്നു എന്നത് ഹൃദയഭേദകമാണ്”

Riyas Salim, Shakkeela

കോഴിക്കോട് ഹൈലൈറ്റ് മാളിൽ ഷക്കീല പ്രധാന അതിഥിയായി എത്താനിരുന്ന പ്രമോഷൻ പരിപാടിയ്ക്ക് അനുമതി നിഷേധിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ഒമർ ലുലു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഷക്കീല വരുമെന്നറിഞ്ഞപ്പോൾ മാൾ അധികൃതർ സെക്യൂരിറ്റി പ്രശ്നങ്ങൾ പറഞ്ഞ് താരത്തെ വിലക്കുകയായിരുന്നു എന്നാണ് ഒമർ ലുലു പറഞ്ഞത്. തുടർന്ന് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള ആളുകൾക്ക് സമൂഹമാധ്യമങ്ങളിലൂടെ ഷക്കീലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഷക്കീലയെ കുറിച്ച് ബിഗ് ബോസ് താരം റിയാസ് സലിം പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “അത്ഭുതപ്പെടുത്തുന്ന ഈ മനുഷ്യനെ കണ്ടുമുട്ടാൻ കഴിഞ്ഞത് വലിയ കാര്യമായി കരുതുന്നു. നിങ്ങൾ ചെയ്യുന്ന ജോലിയും നിങ്ങളുടെ വെളിച്ചവും ഞങ്ങളിലൂടെ പ്രകാശിക്കുന്നു! സമൂഹത്തിൽ നാം അഭിമുഖീകരിക്കുന്ന നിരവധി അസമത്വങ്ങൾക്കും വിവേചനങ്ങൾക്കും എതിരെ നിലകൊള്ളാൻ വെളിച്ചമായതിന് നന്ദി. നിങ്ങളോട് ഞങ്ങൾക്കുള്ള സ്നേഹം വാക്കുകളിൽ വിവരിക്കാനാവില്ല.”

“ഈയടുത്ത് ഷക്കീല മാം നേരിട്ട സംഭവം എടുത്തുപറയാൻ ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നു. കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടക്കുന്ന ഒരു സിനിമാ പ്രമോഷൻ പരിപാടിയുടെ ഭാഗമായിരുന്നു അവർ. എന്നാൽ പരിപാടിയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ്, മാൾ അധികൃതർ ഷക്കീല മാം പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്തതിനാൽ ഇവന്റ് റദ്ദാക്കിയതായി അറിയിച്ചു! സിനിമാ മേഖലയിൽ പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള ഷക്കീലാ മാമിനെ പോലെയുള്ള ഒരാൾ ഇപ്പോഴും ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്നു എന്നത് ഹൃദയഭേദകമാണ്. അവരുടെ സിനിമകൾ, പാട്ടുകൾ, ചിത്രങ്ങൾ എന്നിവ ലൈക്ക് ചെയ്യുകയും പങ്കിടുകയും അഭിപ്രായപ്പെടുകയും ചെയ്യുമ്പോൾ, യഥാർത്ഥ പിന്തുണയുടെ കാര്യത്തിൽ നമ്മൾ അവയ്ക്ക് നേരെ കണ്ണടയ്ക്കുന്നു,” റിയാസ് കുറിച്ചു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Riyas salim apologies to actress shakeela on recent issue

Best of Express