ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ഏറെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് റിയാസ് സലിം. റിയാസിന്റെ പുരോഗമനപരമായ നിലപാടുകൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയും ചർച്ചയാവുകയും ചെയ്തിരുന്നു. സമൂഹത്തിലേക്ക് തെറ്റായ സന്ദേശം കൊടുക്കുന്ന ഏത് വികലമായ പരമാർശങ്ങളെയും കൃത്യ സമയത്ത് ഇടപ്പെട്ട് തിരുത്തുന്നതിൽ റിയാസ് ഒരിക്കലും ഉപേക്ഷ വരുത്താറില്ല. റിയാസിന്റെ ആ ക്വാളിറ്റിയും സംസാരിക്കുന്ന വിഷയങ്ങളെ കുറിച്ചുള്ള അറിവും വാക്ചാതുരിയുമൊക്കെ തന്നെയാണ് ഈ ഇരുപത്തിനാലുകാരന് ഇത്രയേറെ ആരാധകരെ നേടി കൊടുത്തതും.
കഴിഞ്ഞ ദിവസം ‘കോമഡി സ്റ്റാർ’ പരിപാടിയിൽ അതിഥിയായി എത്തിയത് റിയാസും ദിൽഷ പ്രസന്നനും ആയിരുന്നു. പരിപാടിയ്ക്കിടെ അവതാരകയായ മീര തന്റെ സ്ഥിരം ശൈലിയിൽ ചില അനാവശ്യ ചോദ്യങ്ങൾ റിയാസിനോട് ചോദിച്ചു. ആ ചോദ്യങ്ങൾക്ക് റിയാസ് നൽകിയ ഉത്തരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
“റിയാസിന്റെ എല്ലാ ഫോട്ടോയുടേയും താഴെയുള്ള കമന്റ് ഇത് ആണാണോ പെണ്ണാണോ എന്നാണ്?” എന്ന ചോദ്യത്തിന് “എന്റെ ജെൻറർ ഐഡന്റിറ്റി He/Him എന്ന് ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മീര കണ്ടിട്ടില്ലെങ്കിൽ അതെന്റെ പ്രശ്നമല്ല. കണ്ടോണ്ടിരിക്കുന്ന മനുഷ്യന്മാർക്ക് പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധീം വിവരോം ഇല്ലെങ്കിൽ അതുമെന്റെ പ്രശ്നമല്ല. ഇതിപ്പോൾ കേരളമായാലും ഇന്ത്യയായാലും മൊത്തം ലോകമെടുത്താലും എല്ലായിടത്തും നല്ല മനുഷ്യന്മാരുമുണ്ട്, ചീത്ത മനുഷ്യന്മാരുമുണ്ട്. എല്ലായിടത്തും വിവരമുള്ള മനുഷ്യന്മാരുമുണ്ട്, വിവരമില്ലാത്തവരുമുണ്ട്. ചില വിവരമില്ലാത്ത മനുഷ്യന്മാർക്ക് കുറേ കാര്യങ്ങൾ പഠിക്കണമെന്ന ആഗ്രഹമുണ്ടാവും. ചില മനുഷ്യന്മാർക്ക് എത്ര വിവരമില്ലെങ്കിലും ഇങ്ങനെ ജീവിച്ചാൽ മതി എന്ന തോന്നലാകും. അങ്ങനെയുള്ള ആൾക്കാർ ഇപ്പറഞ്ഞതുപോലെ പല കമന്റും പല പേഴ്സണൽ ക്വസ്റ്റ്യൻസും ചോദിക്കുമായിരിക്കാം. അവർ ചോദിക്കട്ടെ. എന്റെ വ്യക്തിപരമായ ജീവിതം എന്റേതുമാത്രമാണ്. വിവരമില്ലാത്ത മനുഷ്യർ എവിടെയെങ്കിലും അത്തരം ചോദ്യങ്ങൾ ചോദിച്ചെന്നു കരുതി ഇവിടെ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് ഞാൻ പ്രോത്സാഹിപ്പിക്കില്ല,” എന്നാണ് റിയാസ് ഉത്തരം നൽകിയത്.
മീരയും റിയാസും തമ്മിലുള്ള സംഭാഷണമിങ്ങനെ
മീര: “റിയാസ് തന്നെ പറഞ്ഞിട്ടുണ്ട് ഒരുപാടു ചൂഷണങ്ങൾ ചെറിയ പ്രായത്തിൽ അനുഭവിച്ചിട്ടുണ്ടെന്ന്.. ചൂഷണം ചെയ്തവരിൽ കൂടുതലും ആണുങ്ങളാണോ പെണ്ണുങ്ങളാണോ?”
റിയാസ്: “ചൂഷണങ്ങൾ എന്ന് എടുത്തു ഞാൻ പറഞ്ഞിട്ടില്ല. ഞാൻ ബുള്ളിയിങ്ങാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഞാൻ പറയാത്ത കാര്യങ്ങൾ പറയരുത്.”
മീര: “അങ്ങനെ ബുള്ളി ചെയ്തവരിൽ കൂടുതലും ആണുങ്ങളാണോ പെണ്ണുങ്ങളാണോ?”
റിയാസ്: “രണ്ടു കൂട്ടരുമുണ്ടാകാം. പക്ഷേ നമുക്കറിയാം, നമ്മുടെ സമൂഹത്തിൽ പുരുഷന്മാരായിരിക്കും ഏറ്റവും കൂടുതൽ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുകയെന്ന്.”
അവതാരക: “ഒരു പാട് ഗേൾസ് കമന്റ് ചെയ്തിട്ടുണ്ട്, ഫിസിക്കലി കാണാൻ വളരെ അട്രാക്റ്റീവായിട്ടുള്ള ഒരു പയ്യനാണ് റിയാസെന്ന്. അതിന്റെ പേരിൽ പെൺകുട്ടികൾ അപ്രോച്ച് ചെയ്യാറുണ്ടോ? അതെങ്ങനെയാണ് ഹാൻഡിൽ ചെയ്യുന്നത്?”
റിയാസ്: ” അതെന്റെ പേഴ്സണൽ ലൈഫാണ്. ഞാനത് പേഴ്സണലി തന്നെ കൈകാര്യം ചെയ്യും. അത് ഈയൊരു ഷോയിൽ വന്ന് പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.”
മീര: “അല്ല… എനിക്ക് റിയാസിന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്”
റിയാസ്: ” സിംഗിൾ. “
മീര: “എങ്ങനെയുള്ള ഒരു പങ്കാളിയെ ആണ് ആഗ്രഹിക്കുന്നത്?”
റിയാസ്: “വിവരവും ബുദ്ധിയുമുണ്ടായിരിക്കണം. അത്യാവശ്യമൊരു പ്രോഗ്രസീവ് ചിന്താഗതിയുണ്ടായിരിക്കണം.. നല്ലൊരു മനസ്സായിരിക്കണം. അത്രയേ ഉള്ളൂ.”
മീര: “അല്ലാ..ആണാണോ പെണ്ണാണോ പങ്കാളിയായി വേണ്ടത്. അങ്ങനെയൊന്നുമില്ലേ?”
റിയാസ്: “നോ കമന്റസ്.”
മീര: “ഒരു പെൺകുട്ടിയെ കല്യാണം കഴിക്കുമോ?”
റിയാസ്: “തീർച്ചയായും കഴിക്കുമായിരിക്കാം .. എന്താണ് മീരയ്ക്ക് വേണ്ടത്? ഞാനത് മീരയോടെന്തിന് പറയണം? ആർ യൂ മാരീഡ്?”
മീര: “യെസ് യെസ് അയാം മാരീഡ്”
റിയാസ്: “ഡൂ യൂ വാണ്ട് മാരി മീ?”
മീര : “ഇല്ല… ഇനി കെട്ട്യോൻ സമ്മയ്ക്കില്യ.”
റിയാസ്: “കെട്ട്യോനെ നമുക്ക് തൽക്കാലം മാറ്റി നിർത്താം. മീരയ്ക്കെന്നെ കല്യാണം കഴിക്കാൻ താൽപ്പര്യമുണ്ടോ?”
മീര: “എനിക്ക് റിയാസിനെ ഇപ്പോൾ വ്യക്തിപരമായി അധികം അറിയില്ല.. അറിയാത്തൊരാളെ എങ്ങനെനാണ് കല്യാണം കഴിക്കാൻ പറ്റുന്നേ?”
റിയാസ്: “അതായത്, മീരയ്ക്കെന്നെ കല്യാണം കഴിക്കാൻ താൽപ്പര്യമില്ലാത്തിടത്തോളം ഞാനിത്തരം ചോദ്യങ്ങൾക്ക് മീരയ്ക്ക് ഉത്തരം നൽകേണ്ട കാര്യമില്ല. ഞാൻ നിങ്ങളോടത് ഷെയർ ചെയ്യാൻ കംഫർട്ടബിളല്ല. അതിന്റെ ആവശ്യവുമില്ല”
“ആളുകളെ അസ്വസ്ഥരാക്കുന്നതിൽ നിങ്ങൾ വളരെ മിടുക്കിയാണ് (You are so good at making people uncomfortable!),” എന്നു പറഞ്ഞുകൊണ്ടാണ് റിയാസ് മീരയുമായുള്ള സംഭാഷണം അവസാനിപ്പിച്ചത്.
നിരവധി പേരാണ് തീർത്തും അനുചിതമായ ചോദ്യങ്ങളോട് മാതൃകാപരമായ രീതിയിൽ പ്രതികരിച്ച റിയാസിനെ അഭിനന്ദിച്ച് രംഗത്തു വന്നിരിക്കുന്നത്.