എനര്‍ജിയുടെ മറ്റൊരു പേരാണ് റിമി ടോമി എന്നത്. മണിക്കൂറോളം സ്റ്റേജ് ഷോകളില്‍ എനര്‍ജറ്റിക് ആയി നിന്ന് പെര്‍ഫോം ചെയ്യുന്ന റിമിയെ മമ്മൂട്ടിയും മോഹന്‍ലാലും പോലുള്ള മുതിന്ന താരങ്ങള്‍ വരെ അതിശയത്തോടെ പ്രശംസിച്ചിട്ടുണ്ട്. ഇത്രമാത്രം എനര്‍ജി റിമിക്ക് എവിടെ നിന്ന് കിട്ടുന്നു? എന്ന അന്വേഷണം ചിലപ്പോൾ ചെന്ന് അവസാനിക്കുക റിമിയുടെ അമ്മ റാണി ടോമിയിലാവും. പ്രായം അറുപതിനോട് അടുക്കുമ്പോഴും നൃത്ത പഠനവും പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാണ് റാണി ടോമി. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ഡിപ്ലോമ കരസ്ഥമാക്കിയ റാണി ടോമി തീരാത്ത പ്രണയത്തോടെ ഇപ്പോഴും നൃത്തത്തെ ഉപാസിക്കുകയാണ്.

“കുഞ്ഞുനാള്‍ മുതല്‍ ഡാന്‍സ് എനിക്ക് ഇഷ്ടമാണ്. പ്രാണന്‍ ആണെന്ന് വേണമെങ്കില്‍ പറയാം. ചെറുപ്പത്തില്‍ കുറച്ചുനാള്‍ നൃത്തം പഠിച്ചിരുന്നു. കല്യാണം കഴിഞ്ഞതോടെ പിന്നെ വീടും വീട്ടുകാര്യങ്ങളും കുഞ്ഞുങ്ങളെ നോക്കലുമൊക്കെയായി തിരക്കായി. എന്നാലും ഇടക്കൊക്കെ തനിയെ ആകുമ്പോള്‍ പാട്ടു വെച്ച് ഞാന്‍ വെറുതെ ഡാന്‍സ് കളിച്ചു നോക്കുമായിരുന്നു. എനിക്ക് വളരെ സന്തോഷം തരുന്ന കാര്യങ്ങളിലൊന്നാണ് നൃത്തം. 14 വര്‍ഷം മുന്‍പാണ് ഞങ്ങള്‍ പാലായില്‍ നിന്നും കൊച്ചിയിലേക്ക് താമസം മാറുന്നത്. കൊച്ചിയില്‍ വന്നപ്പോള്‍ മുതല്‍ വീണ്ടും ഡാന്‍സ് പഠിക്കണമെന്ന ആഗ്രഹം ശക്തമായി. എവിടെ ഡാന്‍സ് സ്‌കൂളിന്റെ ബോര്‍ഡു കണ്ടാലും ഞാന്‍ മക്കളോട് വണ്ടി നിര്‍ത്താന്‍ പറയുമായിരുന്നു. അങ്ങനെ ആഗ്രഹം സഹിക്കാന്‍ വയ്യാതെ പഠിച്ചു തുടങ്ങിയതാണ്. ഓരോ കോഴ്‌സ് കഴിയുമ്പോഴും പിന്നെയും പുതിയ അധ്യാപകരുടെ കീഴില്‍ പഠിക്കണമെന്നു തോന്നും. കൃഷ്ണപ്രഭ ഡാന്‍സ് സ്‌കൂള്‍ തുടങ്ങുകയാണെന്ന് കേട്ടപ്പോള്‍ എനിക്ക് സന്തോഷമായി. റിമിയുടെ സുഹൃത്താണ് കൃഷ്ണ. പോരാത്തതിന് എനിക്കിഷ്ടമുള്ള ഡാന്‍സറും. പിന്നെ ഒന്നും നോക്കാതെ വന്നു ഭരതനാട്യത്തിനു ചേര്‍ന്നു. മോഹിനിയാട്ടം എടപ്പാളില്‍ പോയാണ് പഠിച്ചത്,” നൃത്തത്തോടുള്ള തന്റെ പ്രണയത്തെ കുറിച്ച് റാണി ടോമി പറയുന്നു.
‘ടോമിച്ചന്‍ മരിച്ചതോടെ കുറേക്കാലം ഒറ്റപ്പെടലും വിഷമവുമൊക്കെയായി വല്ലാത്തൊരു മാനസികാവസ്ഥയായിരുന്നു. അതോടെ ഡാന്‍സൊക്കെ നിറുത്തി. പക്ഷേ അനങ്ങാതെയും ഡാന്‍സ് ചെയ്യാതെയും ഇരുന്ന് ഒടുവില്‍ കൈയ്ക്കും കാലിനുമൊക്കെ വേദനയായി. ഡോക്ടറെ കണ്ടപ്പോള്‍ ഒന്നും ചെയ്യാതെ ഇരിക്കുന്നതുകൊണ്ടാ പാതി വേദനയും അസുഖവുമൊക്കെ എന്നു പറഞ്ഞു. അങ്ങനെയാണ് വീണ്ടും നൃത്തം പഠിച്ചു തുടങ്ങിയത്. തൃശൂര്‍ പ്രാചീനകലാക്ഷേത്രയില്‍ നിന്നും ഭരതനാട്യത്തില്‍ ഡിപ്ലോമ എടുത്തു. ഇനി ഭരതനാട്യത്തില്‍ ബിരുദം എടുക്കണമെന്നാണ് ആഗ്രഹം.’
റാണിയുടെ നൃത്ത പ്രണയത്തിന് പൂര്‍ണപിന്തുണയുമായി വീട്ടുകാരും കൂടെയുണ്ട്. ‘മക്കളെല്ലാം നല്ല പിന്തുണയാണ്. അവര്‍ക്കറിയാം ഡാന്‍സ് എനിക്കെത്ര ഇഷ്ടമാണെന്ന്. മമ്മിക്ക് ഡാന്‍സും പാട്ടുമൊക്കെ ജീവനാണെന്നും അത് മമ്മീടെ സന്തോഷമല്ലേ, മരണം വരെ മമ്മി അങ്ങനെയൊക്കെ നടന്നോട്ടെ എന്നുമാണ് മക്കളുടെ ചിന്ത. അവര്‍ക്ക് ഞാന്‍ പഠിക്കുന്നതില്‍ ബുദ്ധിമുട്ടൊന്നുമില്ല. ആരെയും കാണിക്കാനൊന്നുമല്ല ഞാന്‍ നൃത്തം ചെയ്യുന്നത്, എന്റെ മനസ്സിന്റെ സന്തോഷമാണത്. ഡാന്‍സൊന്നും ഇല്ലാതിരുന്നാല്‍ ഞാന്‍ പെട്ടെന്ന് മൂഡോഫ് ആവും. മകന്റെ കുഞ്ഞ് കണ്‍മണിയ്ക്കും മകളുടെ കുഞ്ഞിനുമൊക്കെ നൃത്തത്തോട് താല്‍പ്പര്യമുണ്ട്. മരുമകള്‍ മുക്തയും നന്നായി ഡാന്‍സ് ചെയ്യും. കലാതിലകം ഒക്കെ ആയിരുന്നല്ലോ, പക്ഷേ മുക്തയ്ക്ക് ഇപ്പോള്‍ ഡാന്‍സ് കളിക്കാന്‍ മടിയാണ്,’ റാണി ടോമി പറയുന്നു.
മുന്നില്‍ വലിയ വലിയ വേദികളോ പദവിയോ പ്രശസ്തിയോ ഒന്നും സ്വപ്‌നം കാണാതെ, മനസ്സ് പറയും പോലെ തന്റെ ഇഷ്ടങ്ങളെ പിന്‍തുടരുകയാണ് റാണി ടോമി. പ്രായമെന്നത് വെറും അക്കങ്ങള്‍ മാത്രമല്ലേ എന്ന് ചോദിക്കുന്ന ആ ചിരിയും എനജിയും തന്നെയാണ് ഏതു ആള്‍ക്കൂട്ടത്തിലും റാണിയെ വ്യത്യസ്തയാക്കുന്നത്.