റിമി ടോമി എന്ന ഗായിക മലയാളികൾക്കു പ്രിയങ്കരിയായത് അവരുടെ പാട്ടു കൊണ്ട് മാത്രമല്ല, എന്നും എനർജറ്റിക്കായി പ്രത്യക്ഷപ്പെടുന്നതു കൊണ്ടും കൂടിയാണ്. അവതാരകയായും വിധിക്കർത്താവായുമൊക്കെ റിമി മിനിസ്ക്രീനിൽ തിളങ്ങിയപ്പോൾ താരത്തിന്റെ കൗണ്ടറുകളും ഒരു പോലെ ശ്രദ്ധ നേടി. റിമി മാത്രമല്ല കുടുംബത്തിലെ മറ്റ് അംഗങ്ങളും സോഷ്യൽ മീഡിയയിലും മിനിസ്ക്രീനിലുമെല്ലാം മിന്നുന്ന താരങ്ങളാണ്. റിമിയുടെ സഹോദരൻ വിവാഹം ചെയ്‌തിരിക്കുന്നത് നടി മുക്തയെയാണ്. സിനിമയിൽ അത്ര സജീവമല്ല മുക്തയെങ്കിലും സോഷ്യൽ മീഡിയയിൽ വളരെയധികം ആക്റ്റീവാണ്.
മുക്ത തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മായിയമ്മ റാണി ടോമിയുടെ രസകരമായ റീൽ വീഡിയോയാണ് മുക്ത ഷെയർ ചെയ്‌തിരിക്കുന്നത്.
നിറം സിനിമയിലെ റുക്കു എന്ന കഥാപാത്രമായാണ് റാണി വേഷമിട്ടിരിക്കുന്നത്. കോവയ് സരള അഭിനയിച്ച് ഗംഭീരമാക്കിയ ഈ കഥാപാത്രത്തെ അതി ഗംഭീരമാക്കിയിരിക്കുകയാണ് റാണിയെന്ന് ആരാധകർ പറയുന്നു. ‘മമ്മിയുടെ വേറെ ലെവൽ പെർഫോമൻസ്’ എന്നാണ് മുക്ത വീഡിയോയ്ക്ക് താഴെ കുറിച്ചത്.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് റാണി ടോമിയും. നൃത്ത വീഡിയോകളും മറ്റും പങ്കുവച്ച് റാണി ശ്രദ്ധ നേടാറുണ്ട്. ഇടയ്ക്ക് റിമിയ്‌ക്കൊപ്പമുള്ള യാത്രാചിത്രങ്ങളിലും റാണി പ്രത്യക്ഷപ്പെടാറുണ്ട്. അമ്മയ്‌ക്കൊപ്പം ജയ്‌പൂരിൽ പോയ ചിത്രങ്ങൾ റിമി തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ചിരുന്നു.