മലയാളിക്ക് ഏറെ സുപരിചിതയായ താരമാണ് രശ്മി സോമൻ. ‘ആദ്യത്തെ കൺമണി’, ‘ഇഷ്ടമാണ് നൂറുവട്ടം’, ‘വർണ്ണപ്പകിട്ട്’, ‘അരയന്നങ്ങളുടെ വീട്’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച രശ്മി ശ്രദ്ധ നേടുന്നത് മിനിസ്ക്രീനിലൂടെയാണ്. ‘അക്കരപ്പച്ച’, ‘അക്ഷയപാത്രം’, ‘ശ്രീകൃഷ്ണലീല’, ‘പെൺമനസ്സ്’ എന്ന സീരിയലുകളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. സോഷ്യൽ മീഡിയയിൽ സജീവമായ രശ്മി തന്റെ പ്രൊഫൈലിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കൗമാര കാലത്തെ ചിത്രങ്ങളാണ് രശ്‌മി പങ്കുവച്ചത്. ത്രോബാക്ക് എന്ന ഹാഷ്‌ടാകോടെ രശ്‌മി ഷെയർ ചെയ്‌ത ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. “ചിത്രങ്ങൾക്കു വ്യക്തതയുണ്ടാവില്ലായിരിക്കും പക്ഷെ എന്റെ ഓർമകൾക്കു അങ്ങനെയല്ല” എന്നാണ് രശ്‌മി നൽകിയ അടികുറിപ്പ്. ഫൊട്ടോഗ്രാഫറായ ജയപ്രകാശ് പയ്യന്നൂരാണ് ചിത്രങ്ങൾ പകർത്തിയത്.
ഈ രൂപത്തിൽ പണ്ട് ടെലിവിഷനിൽ കണ്ടപ്പോൾ പ്രണയം തോന്നിയിരുന്നു, രവി വർമ ചിത്രം പോലെ മനോഹരിയായിരിക്കുന്നു, പഴയ കാലത്തെ ഓർമിപ്പിക്കുന്ന ചിത്രങ്ങൾ തുടങ്ങി അനവധി കമന്റുകളാണ് ചിത്രങ്ങൾക്കു താഴെ നിറയുന്നത്.
ഇടയ്ക്ക് ഫൊട്ടൊഷൂട്ട് ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. സീ കേരളയിൽ സംപ്രേഷണം ചെയ്യുന്ന ‘ഭാഗ്യലക്ഷ്മി’ എന്ന സീരിയലാണ് രശ്മി ഇപ്പോൾ ചെയ്യുന്നത്.