നർത്തകി, നടി എന്നീ നിലകളിൽ ശ്രദ്ധ നേടിയ താരമാണ് മാളവിക കൃഷ്‌ണദാസ്. ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് മാളവിക സുപരിചിതയാകുന്നത്. അമൃത ടി വിയിൽ സംപ്രേഷണം ചെയ്ത സൂപ്പർ ഡാൻസറാണ് മാളവികയുടെ ആദ്യ റിയാലിറ്റി ഷോ പിന്നീട് ഡാൻസ് ഡാൻസ്, നായിക നായകൻ എന്നിവയിലെല്ലാം താരം പങ്കെടുത്തു. സോഷ്യൽ മീഡിയയിലും സജീവമായ താരം ആരാധകരുമായി കഴിഞ്ഞ ദിവസം ഒരു സന്തോഷവാർത്ത പങ്കുവച്ചു. താൻ വിവാഹിതയാകാൻ പോകുന്നു എന്നതായിരുന്നത്. വരനെ പരിചയപ്പെടുത്തുന്ന വീഡിയോ മാളവിക തന്റെ യുട്യൂബ് ചാനലിലൂടെയും ഷെയർ ചെയ്തു.
നായിക നായകനിൽ മാളവികയ്ക്കൊപ്പം മത്സരാർത്ഥിയായിരുന്ന തേജസ് ജ്യോതിയാണ് വരൻ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നായിക നായകൻ അഭിനേതാക്കളെ കണ്ടെത്താനുള്ള റിയാലിറ്റി ഷോയായിരുന്നു. റിയാലിറ്റി ഷോയ്ക്ക് ശേഷം ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ തട്ടിൻപുറത്ത് അച്ചുതൻ എന്ന ചിത്രത്തിൽ ഇരുവരും അഭിനയിച്ചിരുന്നു. പ്രണയ വിവാഹമല്ല മറിച്ച് പരസ്പരം അറിയാവുന്നത് കൊണ്ട് ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നെന്നാണ് ഇരുവരും പറഞ്ഞത്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഡാൻസിങ്ങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ മത്സരിക്കുകയാണിപ്പോൾ മാളവിക. സൂര്യ ടി വിയിൽ സംപ്രേഷണം ചെയ്ത് ഇന്ദുലേഖ എന്ന സീരിയലിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് മാളവികയായിരുന്നു. അവതാരകയായും താരം ശ്രദ്ധ നേടിയിട്ടുണ്ട്.