ടെലിവിഷൻ ഷോകളിൽ അവതാരകയായി ഏറെ ശ്രദ്ധ നേടിയ താരമാണ് രഞ്ജിനി ഹരിദാസ്. മലയാളത്തിലെ സെലിബ്രിറ്റി അവതാരകരിൽ ഒരാൾ കൂടിയായ രഞ്ജിനി പലപ്പോഴും വ്യക്തമായ നിലപാടുകൾ കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടിയിട്ടുണ്ട്.
ഇപ്പോഴിതാ, രഞ്ജിനി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധനേടുന്നത്. സുഹൃത്തിനൊപ്പം ഷോർട്ട് ടോപ് ധരിച്ചു പരസ്പരം നോക്കി ചിരിക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. “എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങൾ മറ്റുളവർ പറയാൻ തുടങ്ങുന്നത് കാണുമ്പോൾ ഞങ്ങൾ” എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിനി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
വസ്ത്രധാരണത്തിന്റെ പേരിൽ റിമ കല്ലിങ്കൽ സൈബർ ആക്രമണം നേരിട്ടതിനു പിന്നാലെയാണ് രഞ്ജിനി ഹരിദാസിന്റെ പോസ്റ്റ്. കൊച്ചിയിൽ നടന്ന റീജിയണൽ ഐഎഫ്എഫ്കെയ്ക്കിടെ നടന്ന പരിപാടിയിൽ റിമ സംസാരിക്കുന്നത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയായിരുന്നു സൈബർ അധിക്ഷേപം. വേദിയിൽ മിനി സ്കേർട്ട് അണിഞ്ഞ് റീമയെത്തിയതാണ് സദാചാരവാദികളെ ചൊടിപ്പിച്ചത്.
നിരവധി പേർ സംഭവത്തിൽ റിമയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. രഞ്ജിനിയുടെ പോസ്റ്റിനും നിരവധി പേരുടെ പിന്തുണ ലഭിക്കുന്നുണ്ട്.
നേരത്തെ, ഷോർട്ട്സ് ധരിച്ചതിന് നടി അനശ്വര രാജനും സൈബർ അധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് മലയാളത്തിലെ നടിമാരെല്ലാം യെസ് വീ ടൂ ഹാവ് ലെഗ്‌സ് എന്ന ക്യാമ്പയിനുമായി രംഗത്തെത്തിയിരുന്നു.
Also Read: Bigg Boss: ബിഗ് ബോസ് വീട്ടിലെ ചിരിക്കാഴ്ചകൾ; ട്രോളുകൾ കാണാം