മലയാളത്തിലെ സെലബ്രിറ്റി അവതാരകരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന, മിന്നും താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും ഏറെ ശ്രദ്ധിക്കപ്പെട്ട രഞ്ജിനി ഹരിദാസ് വിവാഹിതയാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്.
താൻ വിവാഹിതയാകുന്നു എന്നു പറയുന്ന രഞ്ജിനിയുടെ ഒരു വീഡിയോ ആണ് ഈ വാർത്തകൾക്ക് പിന്നിലെ ഉറവിടം. “ഉണ്ടോണ്ട് ഇരുന്നപ്പോൾ വിളി വരിക എന്നു പറയുന്നതുപോലെയാണ്. ലോക്ക്ഡൗൺ സമയത്ത് വീട്ടിൽ അടങ്ങിയൊതുങ്ങി ഇരുന്നപ്പോൾ എനിക്ക് ഒരു തോന്നൽ. ഇങ്ങനെ ഒന്നുമായാൽ പോരാ. ഫ്രണ്ട്സും സ്റ്റേജ് ഷോയും മാത്രം പോരാ, ജീവിതത്തിൽ മറ്റെന്തോ കൂടിവേണം. എന്താണെന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്, രഞ്ജിനി ഹരിദാസ് ജീവിതത്തിൽ ഒരിക്കലും ചിന്തിക്കില്ല എന്നു നിങ്ങൾ കരുതിയ ആ കാര്യം തന്നെ. രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാൻ പോവുന്നു.”
Read more: യഥാർത്ഥത്തിൽ ഞാൻ ആഗ്രഹിച്ച വിവാഹം ഇങ്ങനെയായിരുന്നു: ഡോ. രജിത് കുമാർ
‘എന്നു കരുതി പെണ്ണുകാണാൻ നിന്നു കൊടുക്കാനും കാൽ വിരൽ കൊണ്ട് കളം വരക്കാനൊന്നും എന്നെ കിട്ടില്ല. എന്റെ കല്യാണം ഒരു സംഭവം ആയിരിക്കണം. ഒരു സ്വയംവരം. ശ്രീരാമൻ സീതയെ കെട്ടിയതുപോലെ, നളൻ ദമയന്തിയെ കൊണ്ടുപോയതു പോലെ… ഒരുപാട് പേരിൽ നിന്നും ഞാൻ എനിക്ക് പറ്റിയ ഒരാളെ സെലക്ട് ചെയ്യും. ജാതിയും മതവും പ്രശ്നമല്ല. കുറച്ചു ദമ്പതികൾ കൂടി എന്റെ ഒപ്പം കാണും, അപ്പോൾ എന്റെ സ്വയംവരം കാണാൻ റെഡി ആയിക്കൊള്ളൂ.’ വീഡിയോയിൽ രഞ്ജിനി പറയുന്നതിങ്ങനെ.
Read more: ഒരു സംഭവമായി തിരിച്ചുവരാം എന്നോർത്താണ് ഞാൻ ചെന്നൈയിലേക്ക് വണ്ടികയറിയത്; സ്വാസികയുടെ കഥ
ഫ്ളവേഴ്സ് ടിവിയിൽ ആരംഭിക്കാൻ പോകുന്ന ‘ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും’ എന്ന പുതിയ പരിപാടിയുടെ ടീസറിലാണ് തന്റെ വിവാഹത്തെയും വിവാഹസ്വപ്നങ്ങളെയും കുറിച്ച് രഞ്ജിനി മനസ്സു തുറന്നത്. ഷൂട്ടിനിടയിലെടുത്ത ഏതാനും ചിത്രങ്ങളും രഞ്ജിനി ആരാധകർക്കായി പങ്കുവച്ചിരുന്നു. ‘കുളക്കരയിലൊരു കുലസ്ത്രീ’ എന്നാണ് ചിത്രങ്ങൾക്ക് നൽകിയ അടിക്കുറിപ്പ്.
Read more: കുളക്കരയിലൊരു കുലസ്ത്രീ; ചിത്രങ്ങൾ പങ്കുവച്ച് രഞ്ജിനി ഹരിദാസ്
രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. “കല്യാണം ആലോചിക്കുമ്പോൾ എല്ലാവർക്കും കുലസ്ത്രീ ആകണം,” എന്നാണ് ഒരാളുടെ കമന്റ്. അങ്ങനെയല്ല, കല്യാണമാലോചിക്കുമ്പോൾ മിക്കവർക്കും കുലസ്ത്രീ വേണം. അതിന് അനുസരിച്ച് ഞാൻ ഉയരാൻ ശ്രമിക്കുകയാണെന്നാണ് ചിരിയോടെ രഞ്ജിനി മറുപടി നൽകിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook