ലോക്ക്ഡൗൺ കാലത്ത് പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് ‘രാമായണം’ വീണ്ടും സംപ്രേഷണം ചെയ്തത്. 33 വർഷങ്ങൾക്കുശേഷം പുനഃസംപ്രേഷണം ചെയ്ത ‘രാമായണം’ ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പേർ കണ്ട വിനോദ പരിപാടി എന്ന റെക്കോർഡാണ് ‘രാമായണം’ നേടിയത്.
മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ദൂരദർശൻ നാഷണലിൽ ‘രാമായണം’ സംപ്രേഷണം ചെയ്തു തുടങ്ങിയത്. ഏപ്രിൽ 16 വരെ ലോകത്താകമാനം 7.7 കോടി ജനങ്ങൾ ടിവി ഷോ കണ്ടതായും ലോക റെക്കോർഡാണിതെന്നും ഡിഡി നാഷണൽ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഈ നേട്ടം കൈവരിക്കാൻ സഹായിച്ച പ്രേക്ഷകർക്ക് നന്ദിയും പറഞ്ഞിട്ടുണ്ട്.
Thanks to all our viewers!!#RAMAYAN – WORLD RECORD!!
Highest Viewed Entertainment Program Globally. pic.twitter.com/n8xysaehNv— Doordarshan National (@DDNational) May 2, 2020
1987-88 കാലത്ത് ദൂരദർശനിൽ പ്രക്ഷേപണം ചെയ്തിരുന്ന പുരാണ പരമ്പരയാണ് ‘രാമായണം’. രാമാനന്ദ് സാഗർ സംവിധാനം ചെയ്ത പരമ്പരയിൽ അരുൺ ഗോവിൽ, ദീപിക ചിക്ഹാലിയ, സുനിൽ ലാഹ്‌രി എന്നിവരായിരുന്നു രാമൻ, സീത, ലക്ഷ്മൺ എന്നീ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഏപ്രിൽ 18 നാണ് രാമായണത്തിന്റെ പുനഃസംപ്രേഷണം അവസാനിച്ചത്. ഇതിനുപിന്നാലെ ‘ഉത്തര രാമായണം’ സംപ്രേഷണം ചെയ്തു തുടങ്ങി. ശനിയാഴ്ചയാണ് ‘ഉത്തര രാമായണ’ത്തിന്റെ അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്യുക. ഞായറാഴ്ച മുതൽ രാമാനന്ദ് സാഗറിന്റെ തന്നെ മറ്റൊരു ഹിറ്റ് പരമ്പരയായ ‘ശ്രീ കൃഷ്ണ’ സംപ്രേഷണം ചെയ്തു തുടങ്ങും.