രജിത് കുമാറിന് ആരാധകർ കൊറോണക്കാലത്ത് കൊച്ചി വിമാനത്താവളത്തിലൊരുക്കിയ സ്വീകരണവും അതുമായി ബന്ധപ്പെട്ട അറസ്റ്റുമാണ് രണ്ടുദിവസമായി വാർത്തകളിൽ നിറയുന്നത്. രജിത്തിനെ സ്വീകരിക്കാൻ എത്തിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥി ഷിയാസ് കരീമിനെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഷിയാസിനെ പരിഹസിച്ചുകൊണ്ട് കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നറായ സാബുമോൻ ഇട്ട പോസ്റ്റും അതിന് ഷിയാസ് നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം.
ബിഗ് ബോസ് സീസൺ ഒന്നിന് ശേഷം ഷിയാസിനെ സ്ക്രീനിൽ കാണാൻ പറ്റി, സുന്ദരനായിരിക്കുന്നു, സ്നേഹം സന്തോഷം എന്നായിരുന്നു ഷിയാസിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് സാബുമോൻ കുറിച്ചത്. ഇതിനുള്ള മറുപടിയുമായി ഷിയാസും രംഗത്തെത്തി.
“സാബു അണ്ണൻ എന്നെ പറ്റി ഇട്ടിരുന്ന പോസ്റ്റ് ഞാൻ കണ്ടു എനിക്ക് സുഖം തന്നെയാണ് അണ്ണാ , അണ്ണന് നല്ല സുഖം ആണല്ലോ അത്രേം അറിഞ്ഞാൽ മതി,” എന്ന മറുപടിയ്ക്ക് ഒപ്പം ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ അയ്യപ്പൻനായരുടെ അടികൊണ്ട് കിടക്കുന്ന സാബുവിന്റെ ചിത്രവും ഷിയാസ് പങ്കുവച്ചു.
ആദ്യം മുതൽ തന്നെ പരസ്യമായി രജിത്ത് കുമാറിന് പിന്തുണ പ്രഖ്യാപിച്ചരാണ് ബിഗ് ബോസിലെ മുൻ സീസണിലെ മത്സരാർത്ഥികളായ ഷിയാസ് കരീം, ശ്രീനിഷ് അരവിന്ദ്, പേളി മാണി, ബഷീർ ബഷി എന്നിവർ. എന്നാൽ രജിത്ത് കുമാറിനെതിരെയാണ് സാബുമോനും ദിയ സനയും ആദ്യം മുതൽ നിലപാട് എടുത്തത്. രജിത്ത് ആർമിയെ വിമർശിച്ചുകൊണ്ട് മുൻപും സാബുമോൻ രംഗത്തെത്തിയിരുന്നു.