കഴിഞ്ഞ ദിവസമായിരുന്നു സഹസംവിധായകൻ രാഹുലിനെ കൊച്ചി മരടിലെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രാഹുലിന്റെ മരണത്തിൽ പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ അനുശോചനം അറിയിച്ചിരുന്നു. പൃഥ്വിരാജ് പ്രധാന കഥാപാത്രമായെത്തുന്ന ‘ഭ്രമം’ എന്ന സിനിമയിലെ സഹസംവിധായകനായിരുന്നു രാഹുൽ. ഇപ്പോഴിതാ, രാഹുലിനെ കുറിച്ച് ‘ചക്കപ്പഴം’ സീരിയൽ താരം സബീറ്റ ജോർജ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
രാഹുലിന്റെ ചിതയ്ക്ക് അരികിൽ നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് സബിറ്റയുടെ കുറിപ്പ്. “എത്ര വൈകിയാലും ഇവിടെ വന്ന് നിനക്ക് അന്ത്യാഞ്ജലി അർപ്പിക്കണമെന്ന് ഞാൻ തീരുമാനിച്ചു. ഒരുപാട് കാര്യങ്ങൾ എനിക്ക് മനസ്സിലാവുന്നില്ല, എന്തിനാണ് നീയിത് ചെയ്തതെന്നതിനു ഒരുത്തരവും ലഭിക്കുന്നില്ല. ഒന്നിച്ച് വർക്ക് ചെയ്തപ്പോൾ വളരെ കുറച്ചു മാത്രമേ നിന്നോട് ഞാൻ സംസാരിച്ചിരുന്നുള്ളൂ. പക്ഷേ തീർച്ചയായും നീയെന്നെ സ്വാധീനിച്ചിരുന്നു. നിത്യശാന്തി നേരുന്നു,” സബീറ്റ കുറിക്കുന്നു.
View this post on Instagram
‘ചക്കപ്പഴം’ പരമ്പരയിലെ അമ്മ വേഷമാണ് സബീറ്റയെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധേയയാക്കിയത്.