പ്രശസ്ത ടെലിവിഷൻ അവതാരകനും നടനുമായ ആനന്ദക്കണ്ണൻ അന്തരിച്ചു. 48 വയസ്സായിരുന്നു. കാൻസർ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ ആണ് മരണം. ആനന്ദക്കണ്ണന്റെ പെട്ടെന്നുള്ള മരണത്തിന്റെ നടുക്കത്തിലാണ് തമിഴ് ചലച്ചിത്രമേഖല.

തൊണ്ണൂറുകളിലും 2000ത്തിന്റെ തുടക്കത്തിലും മിനിസ്ക്രീനിലെ സജീവസാന്നിധ്യമായിരുന്നു ആനന്ദക്കണ്ണൻ. സംവിധായകൻ വെങ്കട്ട് പ്രഭു അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
സിംഗപ്പൂരിൽ വസന്തം ടിവിയിൽ വിജെ ആയി കൊണ്ടാണ് ആനന്ദക്കണ്ണൻ കരിയർ ആരംഭിച്ചത്. പിന്നീട് ചെന്നൈയിലേക്ക് താമസം മാറ്റിയ ആനന്ദക്കണ്ണൻ സൺ മ്യൂസികിൽ വിജെ ആയി. വെങ്കട്ട് പ്രഭുവിന്റെ സരോജ എന്ന ചിത്രത്തിൽ അതിഥി വേഷം ചെയ്തു കൊണ്ടായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് അതിശയ ഉലകം എന്ന തമിഴ് ചിത്രത്തിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു.
സാവൽ സിംഗപ്പൂർ എന്ന ഷോയുടെ അഞ്ചു സീസണിലെയും അവതാരകനായിരുന്നു. ഇന്റർനാഷണൽ യൂത്ത് ഐക്കൺ അവാർഡും ടെലിവിഷൻ അഭിനേതാക്കൾക്കുള്ള ഗിൽഡ് അവാർഡിൽ മികച്ച നടനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.