മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പേളി മാണി. അവതാരക, നടി, ഗായിക, യൂട്യൂബർ എന്നീ നിലകളിലെല്ലാം പേളി ശ്രദ്ധ നേടിയിട്ടുണ്ട്.പേളി മാത്രമല്ല കുടുംബത്തിലെ മറ്റ് അംഗങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്. ഭർത്താവ് ശ്രീനിഷിനും മകൾ നിലയ്ക്കുമൊപ്പം പേളി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ പേളി പങ്കുവച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.
പേളിയുടെ അച്ഛന്റെ സഹോദരൻ കുറച്ച് നാളുകൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. അദ്ദേഹത്തിനൊപ്പമുളള കുടുംബ ചിത്രത്തിലേക്ക് നിലയുടെയും പേളിയുടെ സഹോദരിയുടെ ഭർത്താവ്, കുഞ്ഞ് എന്നിവരുടെ ചിത്രവും കൂടി ചേർത്തു നൽകിയിരിക്കുകയാണ് ഒരു ആരാധിക. ‘ഷേഡ്സ് ഓഫ് ലവ്’ എന്ന ഇൻസ്റ്റഗ്രാം പേജാണ് പേളിയ്ക്ക് ചിത്രം സമ്മാനിച്ചത്. കലാകാരിക്ക് നന്ദി പറഞ്ഞ് കൊണ്ട് പേളി ചിത്രം പങ്കുവച്ചിട്ടുണ്ട്.
ബിഗ് ബോസ് ഒന്നാം സീസണില്‍ മത്സരാര്‍ത്ഥികളായി വന്ന് പ്രണയത്തിലായ പേളിയും ശ്രീനിഷും 2019 ലാണ് വിവാഹിതരായത്. 2021 മാര്‍ച്ചിലാണ് പേളി മകള്‍ നിലയ്ക്കു ജന്മം നല്‍കിയത്. അച്ഛനെയും അമ്മയേയും പോലെ നിലയും സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയാണ്.