സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള ഒരു സെലിബ്രിറ്റിയാണ് പേളി മാണി. പേളിക്ക് നൽകുന്ന അതേ സ്നേഹം തന്നെയാണ് ഭർത്താവ് ശ്രീനിഷ് അരവിന്ദിനും മകൾ നിലക്കും ആരാധകർ നൽകുന്നത്. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷണങ്ങളും ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇവരെ പിന്തുടരുന്ന ആരാധകരും നിരവധിയാണ്.
ഇപ്പോഴിതാ, പേളിയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം മൂന്ന് മില്യൺ കടന്നിരിക്കുകയാണ്. ഇത്രയും അധികം ആരാധകരുടെ സ്നേഹത്തിന് നന്ദി പറയുകയാണ് പേളി മാണി. ഇൻസ്റ്റഗ്രാമിൽ പുതിയൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പേളി നന്ദി കുറിച്ചിരിക്കുന്നത്.
“നന്ദി! എപ്പോഴും കൂടെയുണ്ടായിരുന്നതിന്. എപ്പോഴും മികച്ചത് ചെയ്യാൻ പ്രേരിപ്പിക്കുന്നതിന്. എന്നോടൊപ്പം ചിരിച്ചതിനും നന്ദി… എന്നോടൊപ്പം കരഞ്ഞതിനും… എല്ലാത്തിനുമുപരി, ഈ മനോഹരമായ യാത്രയിൽ എന്നോടൊപ്പം സഞ്ചരിച്ചതിനും. നിങ്ങൾ ഓരോരുത്തരും എനിക്ക് സ്പെഷ്യലാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ ഇൻസ്റ്റാഗ്രാമിൽ ചേർന്നപ്പോൾ, ഞാൻ നല്ല ഫോട്ടോഗ്രാഫുകൾ പോസ്റ്റുചെയ്യുന്ന ഒരു ആപ്ലിക്കേഷനായിരിക്കും ഇതെന്നാണ് കരുതിയത്, പക്ഷേ കാലക്രമേണ നിങ്ങളിൽ പലരോടും ഞാൻ വൈകാരികമായി കൂടുതൽ അടുത്തു. ഒരിക്കലും കണ്ടിട്ടില്ല. നിങ്ങൾ ആരാണെന്ന് നിങ്ങൾക്കറിയാം. നിങ്ങളിൽ ചിലർ എപ്പോഴും എനിക്ക് സന്ദേശമയയ്‌ക്കുകയും എന്റെ ചിത്രങ്ങൾക്ക് കമന്റ് ചെയ്യുകയും ചെയ്യുന്നു, പിന്നെ എന്റെ അടുത്ത പോസ്റ്റിനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളതെന്നറിയാൻ ഞാൻ കാത്തിരിക്കാൻ തുടങ്ങി, അങ്ങനെ നിങ്ങളെല്ലാവരും എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഇത് ഒരു ഭ്രാന്താണെങ്കിലും അതിശയകരമാണ്.
എന്നെയും ശ്രീനിയെയും വീണ്ടും വീണ്ടും സ്നേഹിക്കുന്ന മനോഹരമായ ഫാൻ പേജുകൾ. നിള എടുക്കുന്ന ഓരോ ചുവടും ആഘോഷിക്കുന്ന പേജുകൾ. ഞങ്ങൾക്ക് വളരെ സ്പെഷ്യലായി തോന്നുന്നു, ഞങ്ങളുടെ എല്ലാ മനോഹരമായ നിമിഷങ്ങളും നിരന്തരം ഓർമ്മിപ്പിച്ചതിനും ഞങ്ങളുടെ പ്രത്യേക ദിവസങ്ങൾ ഓർമ്മിച്ചതിനും നന്ദി. ഞാൻ ഇപ്പോഴും ഓർക്കുന്നു, ഞാൻ ഗർഭിണിയായിരിക്കുമ്പോൾ ഒരു മോശം ദിവസം ഉണ്ടായിരുന്നു, അതിനെക്കുറിച്ച് ഞാൻ ഒരു കഥ പോസ്റ്റ് ചെയ്തു, അത് പിന്നീട് ഞാൻ ഡിലീറ്റാക്കി പക്ഷേ, ആ രാത്രി… സ്നേഹവും പിന്തുണയും പ്രതീക്ഷയും തമാശകളും പകർന്ന നൂറുകണക്കിന് സന്ദേശങ്ങൾ എനിക്ക് ലഭിച്ചു … നിങ്ങൾ ആ രാത്രി എന്നെ സന്തോഷിപ്പിച്ചു.
“ഫോളോ” എന്നതിന് പകരം “ജോയിൻ” എന്ന വാക്ക് ഉപയോഗിക്കണമെന്ന് ഞാൻ കരുതുന്നു, കാരണം നിങ്ങൾ ഓരോരുത്തരും എന്റെ ഏറെ സന്തോഷം നിറഞ്ഞ ഇൻസ്റ്റാ കുടുംബത്തിൽ ചേർന്നു.അതിനു എനിക്ക് ഏറെ നന്ദിയുണ്ട്. എല്ലാവരോടും സ്നേഹം. എല്ലാവർക്കും സ്നേഹവും സമാധാനവും സംഗീതവും നേരുന്നു.” പേളി കുറിച്ചു.
Also Read: അവൾക്കിത് ആദ്യത്തെ അനുഭവം, ഒരുപാട് ഇഷ്ടമായി; നിലയുടെ പുതിയ വിശേഷം പങ്കിട്ട് പേളി മാണി
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്. പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്.