കഴിഞ്ഞ നാലു വർഷമായി ആൾക്കൂട്ടത്തിലും പൊതുപരിപാടികൾക്കുമൊക്കെ പോവുമ്പോൾ ഏതു നിമിഷവും തനിക്ക് നേരെ ഉയരുന്ന ‘നിർമ്മലേ…’ എന്നൊരു വിളി നടി ഉമ നായർക്ക് പരിചിതമാണ്. ‘വാനമ്പാടി’ എന്ന സീരിയലിലെ നിർമ്മല എന്ന കഥാപാത്രം ഉമ നായർക്ക് സമ്മാനിച്ച ജനപ്രീതി അത്രയേറെയാണ്. ‘വാനമ്പാടി വിശേഷ’ങ്ങളും ഓണക്കാല ഓർമകളുമൊക്കെ ഇന്ത്യൻ എക്സ്പ്രസ് മലയാളവുമായി പങ്കു വയ്ക്കുകയാണ് ഉമ നായർ. ലോക്ക്ഡൗണിനു ശേഷം, സീരിയൽ സെറ്റുകൾ സജീവമായി തുടങ്ങിയതിലുള്ള സന്തോഷത്തിലാണ് ഉമ.
“ഓണം സ്പെഷ്യൽ എപ്പിസോഡുകളെല്ലാം മുൻപു തന്നെ തീർത്തു, ഈ ഓണക്കാലത്ത് നാലോളം പരസ്യ ചിത്രങ്ങളിലും അവസരം ലഭിച്ചു. തിരുവോണം കഴിഞ്ഞേ ഇനി ‘വാനമ്പാടി’യുടെ അടുത്ത ഷെഡ്യൂൾ ആരംഭിക്കൂ. സാധാരണ ലൊക്കേഷനിലാണ് ഓണക്കാലം ആഘോഷിക്കാറുള്ളത്, ഇത്തവണ ഓണം വീട്ടിൽ കിട്ടി. അതിഥികൾ അധികമാരുമില്ലാത്ത ഓണമാണ് ഇത്തവണത്തേത്. അമ്മയും അച്ഛനും മക്കളും ഞാനും മാത്രം. കൂടപിറപ്പിനെ പോലെ ഞാൻ സ്നേഹിക്കുന്ന ഒരു കുട്ടിയുണ്ട്, ഡബ്ബിംഗ് ആർട്ടിസ്റ്റായ അനീഷ് ദേവ്. രണ്ടു ദിവസം മുൻപായിരുന്നു അനീഷിന്റെ വിവാഹം, ഈ ഓണത്തിന് അവരെ വീട്ടിലേക്ക് വിളിച്ച് ഒരു വിരുന്നുകൊടുക്കണം എന്നുണ്ട്. ആഘോഷങ്ങൾ അതിലൊതുങ്ങും. കോവിഡ് തീർന്നിട്ട് അടിച്ചു പൊളിക്കാം എന്ന് പറഞ്ഞിരിക്കുകയാണ് മക്കളോടും.
ഈ ഓണത്തിന് മക്കളെ അമ്പരപ്പിക്കാൻ എന്തുണ്ടാക്കി കൊടുക്കും എന്ന ചിന്തയിലാണ് ഉമ.
“മുൻപൊക്കെ വിഭവസമൃദ്ധമായ ഓണസദ്യ, പായസം എന്നൊക്കെ കേൾക്കുമ്പോൾ കുട്ടികൾക്ക് വലിയ ഇഷ്ടമാണ്. ലോക്ക്ഡൗൺ ആയതിൽ പിന്നെ, ഇടയ്ക്ക് വീട്ടിൽ ഓരോ വിഭവങ്ങൾ പരീക്ഷിച്ച് പരീക്ഷിച്ച് കുട്ടികൾക്കും അതു ശീലമായി. പായസമൊക്കെ ഇടയ്ക്കിടെ ഉണ്ടാക്കികൊടുക്കാൻ തുടങ്ങി, സമയം പോവാൻ വേറെ വഴിയൊന്നുമില്ലല്ലോ. കുക്കിംഗ് പരീക്ഷണങ്ങൾ ഒക്കെ തന്നെയായിരുന്നു പ്രധാന വിനോദം. ഈ ഓണത്തിന് അതുകൊണ്ട് തന്നെ കുട്ടികൾക്ക് പുതുമ ഉള്ളതൊന്നും കൊടുക്കാനില്ല,” ഉമ പറഞ്ഞു.
Read Here: Onam 2020: എല്ലാ നായികമാരും ഒന്നിച്ച്; സീരിയൽ താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങൾ

ആഘോഷങ്ങളോട് എന്നും പ്രിയം
എല്ലാ വിശേഷാവസരങ്ങളും ആഘോഷിക്കാൻ ഇഷ്ടമുള്ള ആളാണ് എന്റെ അച്ഛൻ. വിഷുവോ ബക്രീദോ ദീപാവലിയോ ക്രിസ്മസോ എന്തുമാവട്ടെ, അതിനെയൊക്കെ ആഘോഷത്തോടെ വരവേൽക്കണം എന്നാണ് അച്ഛന്റെ രീതി. കുട്ടിക്കാലം മുതലേ ഇതെല്ലാം കാണുന്നത് കൊണ്ട് എനിക്കും അതൊരു ശീലമാണ്. ആഘോഷങ്ങളോടെല്ലാം എനിക്കുമൊരു ഇഷ്ടകൂടുതലുണ്ട്. ഓണത്തെ കുറിച്ച് പറയുമ്പോൾ, പൂക്കൾ പറിക്കാൻ പോയ ഓർമകളോ കഥകളോ ഒന്നുമെനിക്കില്ല. അന്നും പൂക്കൾ കടയിൽ നിന്നും വാങ്ങി ഇടുന്നതാണ് ഓർമ. പക്ഷേ അന്നൊക്കെ ഓണക്കാലത്ത് ഊഞ്ഞാൽ നിർബന്ധമാണ്, പിന്നെ പരമ്പരാഗതമായ രീതിയിലുള്ള ഓണസദ്യ ഒരുക്കലും. എന്റെ ഓർമകളൊക്കെ അതിനെ ചുറ്റിപ്പറ്റിയാണ്.
എന്റെ അച്ഛമ്മയാണ് എന്നെ സദ്യ കഴിക്കാൻ പഠിപ്പിക്കുന്നത്. പ്രത്യേകിച്ചും ഇങ്ങ് തെക്കോട്ട് സദ്യ കഴിക്കാനും വിളമ്പാനുമൊക്കെ ഒരു ഓർഡർ ഉണ്ട്. അതൊക്കെ പഠിപ്പിച്ചുതന്നത് അച്ഛമ്മയാണ്. ഞാൻ ഭക്ഷണം വളരെ ആസ്വദിച്ചു കഴിക്കുന്ന ആളാണ്. ഞാൻ കഴിച്ച ഇലയിൽ ഒന്നും ബാക്കി കാണില്ലെന്ന് കൂട്ടുകാരൊക്കെ കളിയാക്കും.
രണ്ടു മക്കളാണ് എനിക്ക്. മൂത്തത് മകളാണ്, ഗൗരി. അവൾ പ്ലസ് ടു കഴിഞ്ഞ് ഇപ്പോൾ ബിഎ എക്കണോമിക്സിനു പഠിക്കുന്നു. ബാസ്ക്കറ്റ് ബോൾ പ്ലെയർ ആണ് മകൾ. ഐഎഎസ് എഴുതിയെടുക്കണം എന്നാണ് അവളുടെ ഏറ്റവും വലിയ ആഗ്രഹം. മകൻ എട്ടാം ക്ലാസ്സിൽ, ശ്രീ ശ്രീ രവിശങ്കറിന്റെ സ്കൂളിൽ ആണ് പഠിക്കുന്നത്. ഓൺലൈൻ ക്ലാസുകളും പബ്ജി കളിയും അല്ലറ ചില്ലറ കുരുത്തക്കേടുകളുമൊക്കെയായി തിരക്കാണ് കക്ഷി.
നിർമ്മല എനിക്ക് വെറുമൊരു കഥാപാത്രമല്ല
‘വാനമ്പാടി’ തീർന്നാൽ എന്റെ ജീവിതത്തിൽ ഞാൻ വളരെ മിസ് ചെയ്യുക ‘നിർമ്മല’ എന്ന എന്റെ കഥാപാത്രത്തെ ആവും. എന്റെ 72-ാമത്തെ സീരിയൽ ആണ് ‘വാനമ്പാടി’. എന്നാൽ ഈ സീരിയൽ തന്ന അത്രയും റീച്ച് എനിക്ക് മറ്റൊരു കഥാപാത്രവും തന്നിട്ടില്ല. നിർമ്മലയെന്ന കഥാപാത്രത്തോട് ആളുകൾ കാണിക്കുന്ന സ്നേഹം വലുതാണ്. കഴിഞ്ഞ നാലു വർഷത്തിനിടെ എന്റെ പേരിനേക്കാളും ആളുകൾ എന്നെ വിളിച്ചു കേട്ട പേര് നിർമ്മല എന്നാണ്. ഇത്ര വർഷത്തെ എന്റെ അഭിനയജീവിതത്തിനിടെ വേറിട്ടൊരു അനുഭവമാണ് അത്.
പുറത്തൊക്കെ വെച്ച് കാണുമ്പോൾ, പല അമ്മമാരും ഓടിവന്ന് സംസാരിക്കും. നിന്നെ പോലെ ഒരു മരുമകളെ ആണ് ഞങ്ങൾക്ക് വേണ്ടത് എന്നു പറയും. ‘അമ്മേ, ഞാനത്ര നല്ല മരുമകളൊന്നുമല്ല,’ എന്നാണ് ഞാൻ പറയാറുള്ളത്. നിർമ്മലയെ പോലെ അത്രയും ക്ഷമയൊന്നും എനിക്കില്ല, എനിക്കിത്തിരി മുൻശുണ്ഠിയും ദേഷ്യവുമൊക്കെയുണ്ട്. ദേഷ്യപ്പെട്ടാലും ഉടനെ തന്ന് അതങ്ങ് മാറും. ഒരു മണിക്കൂറിൽ കൂടുതൽ ദൈർഘ്യമൊന്നും എന്റെ പിണക്കങ്ങൾക്ക് ഉണ്ടാവാറില്ല.
നിർമ്മല എന്ന കഥാപാത്രം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നത് സത്യമാണ്. ആ കഥാപാത്രത്തിന് ഒരുപാട് നല്ല ക്വാളിറ്റികൾ ഉണ്ട്. അനാവശ്യമായി ചിലയിടത്ത് സംസാരിക്കരുത്, ചില പ്രശ്നങ്ങൾ വരുമ്പോൾ അതിനെ അതിന്റെ വഴിക്ക് വിടുക- തുടങ്ങിയ കാര്യങ്ങളൊക്കെ ഞാൻ ആ കഥാപാത്രത്തിൽ നിന്നും പഠിച്ചതാണ്. സാധാരണ സീരിയൽ- സിനിമ അഭിനയമൊക്കെ ഒരു ജോലി പോലെയാണ്, ‘വാനമ്പാടി’ പക്ഷേ അതിനുമപ്പുറത്തേക്ക് ഒരു ആത്മബന്ധം ഉണ്ടാക്കിയിട്ടുണ്ട്.
രഞ്ജിത്ത് എട്ടനെയും ചിപ്പി ചേച്ചിയേയും പോലെ നല്ല നിർമാതാക്കളെ പരിചയപ്പെടാനായി എന്നതാണ് ഈ സീരിയൽ തന്ന മറ്റൊരു ഭാഗ്യം. സ്വന്തം വീട്ടിലുള്ള പ്രിയപ്പെട്ടവരെ പോലെ പല പ്രതിസന്ധിഘട്ടങ്ങളിലും അവർ കൂടെ നിൽക്കുകയും സഹായിക്കുകയും പിന്തുണയാവുകയുമൊക്കെ ചെയ്തിട്ടുണ്ട്.
Read Here: വില്ലത്തരം സ്ക്രീനിൽ മാത്രം, ഇവളെനിക്ക് പ്രിയങ്കരി; സ്നേഹചിത്രവുമായിവാനമ്പാടി’ താരങ്ങൾ

ചലഞ്ചിംഗായ കഥാപാത്രത്തിനായി കാത്തിരിക്കുന്നു
ചെറുപ്പത്തിൽ തന്നെ സ്കൂളിലെ പ്രോഗ്രാമുകളിലൊക്കെ പങ്കെടുക്കും. പലപ്പോഴും അച്ഛനോടും അമ്മയോടും അഭിപ്രായം പോലും ചോദിക്കാതെയാണ് പരിപാടികൾക്ക് പേരു കൊടുക്കുക. ഡാൻസിനോടും മറ്റുമുള്ള എന്റെ ഇഷ്ടം കണ്ട് അമ്മയാണ് ഡാൻസ് പഠിക്കാൻ വിടുന്നത്. അച്ഛന് അന്ന് അതിലൊന്നും വലിയ താൽപ്പര്യമുണ്ടായിരുന്നില്ല. പിന്നീട് എപ്പോഴോ അഭിനയമോഹം കയറി. അച്ഛൻ പ്രൊഡ്യൂസ് ചെയ്തൊരു ഷോട്ട്ഫിലിമിൽ ആണ് ഞാനാദ്യം അഭിനയിച്ചത്. പിന്നെ കുറേ സീരിയലുകൾ ചെയ്തു.
ആദ്യം ചെയ്ത സിനിമ, തമിഴിലായിരുന്നു. നിർഭാഗ്യവശാൽ അത് ഹിറ്റായില്ല. പിന്നെ ഗ്ലാമറസായി അഭിനയിക്കുന്നതിനോടൊന്നും അച്ഛനുമമ്മയ്ക്കും താൽപ്പര്യവും ഉണ്ടായിരുന്നില്ല. ഇതുവരെ പതിനെട്ടോളം മലയാള സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട് – ‘ഡിസംബർ,’ ‘എടക്കാട് ബറ്റാലിയൻ,’ ‘ജയിംസ് ആൻഡ് ആലീസ്,’ ‘ചെമ്പരത്തി,’ ‘ലക്ഷ്യം,’ ‘കോടതി സമക്ഷം ബാലൻ വക്കീൽ…’ എന്റെ കരിയറിൽ ബ്രേക്ക് ആവുന്ന, ചലഞ്ചിംഗ് ആവുന്ന കഥാപാത്രങ്ങളൊന്നും വന്നില്ല. ഓരോന്നിനും ഓരോ സമയം ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
ആ വൈറൽ ഫോട്ടോയ്ക്ക് പിന്നിൽ
ഉമാ നായർക്ക് സാരിയും നാടൻ ഗെറ്റപ്പും മാത്രമേ ചേരൂള്ളൂ എന്ന് കരുതുന്ന നിരവധി പ്രേക്ഷകരുണ്ട്. അതങ്ങനെയല്ലെന്ന് കാണിക്കാൻ വേണ്ടിയാണ് അത്തരമൊരു ചിത്രം പോസ്റ്റ് ചെയ്തത്. സത്യത്തിൽ ഞാൻ എപ്പോഴും സാരി ഉടുത്തു നടക്കുന്ന ഒരാളൊന്നുമല്ല. എനിക്ക് കളർ ലുങ്കികൾ വളരെ ഇഷ്ടമാണ്. കളർ ലുങ്കിയുടുത്ത് അതിനു മുകളിൽ ഒരു കുർത്തയും ഇട്ടാണ് പലപ്പോഴും ഞാൻ ലൊക്കേഷനിൽ പോവുന്നത്. വീട്ടിലും പലപ്പോഴും അണിയുന്ന വേഷമാണത്. എന്നെ അടുത്ത് അറിയുന്നവർക്കൊക്കെ അറിയാം. വീട്ടിൽ ഞങ്ങൾ രണ്ടു പെൺമക്കളാണ്. അതോണ്ട് അച്ഛനെന്നെ ഒരു ആൺകുട്ടിയെ പോലെയാണ് വളർത്തിയത്. അതിന്റെ ഗുണവും ദോഷവുമുണ്ട്. ബോൾഡ് ആയാണ് അച്ഛൻ വളർത്തിയത്. അത്തരമൊരു കഥാപാത്രം അവതരിപ്പിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്.