പ്രേക്ഷകര്‍ക്കു ഏറെ പ്രിയപ്പെട്ട ഹാസ്യ താരമാണ് നോബി മാര്‍ക്കോസ്. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് നോബി സുപരിചിതനാകുന്നത്. പിന്നീട് സിനിമ മേഖലയിലെത്തിയ നോബി ബിഗ് ബോസ് ഷോയില്‍ മത്സരാര്‍ത്ഥിയായും എത്തിയിരുന്നു.
കമലഹാസനൊപ്പം വ്യത്യസ്തമായ ഒരു സെല്‍ഫിയെടുക്കുന്ന നോബിയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് സീസണ്‍ നാലിലെ മത്സരാര്‍ത്ഥിയായ സൂരജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസ് താരം ബ്ലെസ്ലിയെയും വീഡിയോയില്‍ കാണാം. ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയ ഇവര്‍ ടി വി സ്‌ക്രീനിനും മുന്‍പില്‍ നിന്നാണ് സെല്‍ഫിയെടുക്കുന്നത്. നൊബിയുടെ ഈ വെറൈറ്റി ഐഡിയ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
‘ഇതിപ്പൊ ലാപായല്ലോ, ഇനി സെലിബ്രിറ്റികളുടെ കൂടെ ഫൊട്ടൊ വേണമെങ്കില്‍ ഇങ്ങനെയെടുക്കാലോ’ തുടങ്ങിയ രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളും സീരിയലുകളും വിലയിരുത്തിയാണ് ടെലിവിഷന്‍ അവാര്‍ഡ് സമ്മാനിക്കുന്നത്. ഇതിനു അതിഥിയായി എത്തിയതായിരുന്നു കമലഹാസന്‍. മറ്റു ബിഗ് ബോസ് താരങ്ങളായ ദില്‍ഷ, അഖില്‍, ഋതു മന്ത്ര, ആര്യ, അനൂപ്, റംസാന്‍ എന്നിവരും അവാര്‍ഡ് നിശയില്‍ പങ്കെടുത്തിരുന്നു.