മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നായ ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ശ്രദ്ധേയരായ താരങ്ങളെല്ലാം ഒന്നിച്ചെത്തുകയാണ് ‘എരിവും പുളിയും’ എന്ന പരമ്പരയിലൂടെ. ഇഷ്ടതാരങ്ങളായ ബിജു സോപാനം, നിഷ സാരംഗ്, ജൂഹി റുസ്തഗി, റിഷി എസ് കുമാർ, ശിവാനി, അൽസാബിത്ത്, ബേബി അമേയ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘എരിവും പുളിയും’ സീ കേരളം ചാനലിലാണ് സംപ്രേഷണം ചെയ്യുന്നത്. പരമ്പരയിലെ ഏവരുടെയും പ്രിയങ്കരിയായ പാറുക്കുട്ടിയുടെ കുസൃതിയെക്കുറിച്ച് ബിഹൈൻഡ്വുഡ്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ് നിഷ സാരംഗ്.
പാറുവിനെ താൻ വഴക്ക് പറഞ്ഞു തുടങ്ങിയതായി നിഷ സാരംഗ് പറഞ്ഞു. ”സ്നേഹം കൂടുതലാകുമ്പോൾ കൊഞ്ചല് കൂടും. അപ്പോൾ ഷോട്ട് സമയത്ത് ആവശ്യമില്ലാത്ത കൗണ്ടർ ഒക്കെ അടിക്കും. ഒരു ദിവസം ബിജു ചേട്ടൻ ചിക്കൻ കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. ബിജു ചേട്ടന്റെ ചിക്കൻ തീർന്നപ്പോൾ അവൾക്ക് കഴിക്കേണ്ട ചിക്കൻ കൂടി കഴിച്ചു. എനിക്കത് വേണമെന്ന് അവൾ പറഞ്ഞു, നീ കയ്യിലിരിക്കുന്നത് കഴിക്കൂവെന്ന് ബിജു ചേട്ടൻ പാറുവിനോട് പറഞ്ഞു. അത് ഇഷ്ടപ്പെട്ടില്ല, നോട്ട് ചെയ്ത് വച്ചിരുന്നു. ഞങ്ങളാരും പ്രതീക്ഷിക്കാത്തൊരു കൗണ്ടർ അടിച്ചു. കുറേനേരം കഴിക്കുന്നത് നോക്കിയിരുന്നു, എന്നിട്ട് പപ്പ എന്താ അതിനെ കൊല്ലുവാണോ എന്നു ചോദിച്ചു. അതു കേട്ടപ്പോൾ ഞാൻ തന്നെ ഞെട്ടിപ്പോയി.”
അവളുടെ ബുദ്ധിയാണ് ഞാൻ അപ്പോൾ ചിന്തിച്ചത്. അവൾ വിളിക്കുന്നത് അച്ഛാ എന്നാണ്, ഷോട്ട് സമയത്ത് മാത്രമേ പപ്പാ എന്നു വിളിക്കൂ. അവൾക്ക് അറിയാം, അവിടെ ക്യാമറയുണ്ട്, ഷൂട്ട് ചെയ്തുകൊണ്ടിരിക്കുവാണ്, അവിടെ ഞാൻ അച്ഛാന്നു വിളിച്ചാൽ ശരിയാവില്ല, ഇങ്ങനെ പറഞ്ഞാൽ കൊടുക്കാം. കുഞ്ഞു നാൾ മുതലേ ക്യാമറ കണ്ടുവരുന്നതുകൊണ്ട് എന്തൊക്കെ എപ്പോ പറയണമെന്ന് അവൾക്ക് അറിയാമെന്നും നിഷ സാരംഗ് അഭിമുഖത്തിൽ പറഞ്ഞു.
ആംഗ്ലോ-ഇന്ത്യൻ ദമ്പതികളായ ഫ്രെഡറിക്-ജൂലിയറ്റ് ജോഡിയും അവരുടെ അഞ്ച് കുട്ടികളും വീട്ടുവിശേഷങ്ങളുമാണ് ‘എരിവും പുളിയും’ എന്ന പരമ്പര പറയുന്നത്. ഫ്രെഡി (ബിജു സോപാനം), (ജൂലി) നിഷ സാരംഗ്, ജോജോ (ഋഷി എസ് കുമാർ), ജാനി (ജൂഹി റുസ്തഗി), ജോ (അൽസാബിത്ത്), ജെന്ന (ശിവാനി), ക്യൂട്ടി (അമേയ) എന്നിവരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങൾ.
Read More: അന്നൊന്നും അത്ര മനക്കട്ടി ഇല്ലായിരുന്നു, കുറേ കരഞ്ഞിട്ടുണ്ട്: ജൂഹി രുസ്തഗി