Ningalkkum Aakam Kodeeshwaran 2019: ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ക്വിസ് റിയാലിറ്റി ഷോ ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ ഇന്നു മുതൽ ആരംഭിക്കുന്നു. ഇത്തവണ മഴവിൽ മനോരമയിലാണ് കോടീശ്വരൻ സംപ്രേക്ഷണം ചെയ്യപ്പെടുക. സുരേഷ് ഗോപി തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. തിങ്കൾ മുതൽ വെള്ളി വരെ രാത്രി ഒമ്പത് മണിയ്ക്കാണ് ഷോ.

അറിവ് ആയുധമാക്കി മിടുക്ക് തെളിയിക്കുന്ന മത്സരാർഥിക്ക് 15 ചോദ്യങ്ങളിലൂടെ കോടിപതിയാകാനുള്ള അവസരം നൽകുന്ന ഷോയാണ് ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’. ഉത്തരങ്ങളിൽ സംശയം വന്നാൽ കോൾ എ ഫ്രണ്ട്, ഓഡിയൻസ് പോൾ, ഫിഫ്റ്റി ഫിഫ്റ്റി എന്നീ ലൈഫ് ലൈനുകളും മത്സരാർത്ഥികൾക്ക് ഉപയോഗപ്പെടുത്താം.

സുരേഷ് ഗോപി അവതാരകനായ കോടീശ്വരന്റെ മുൻ സീസണുകളും ഏറെ ജനപ്രീതി നേടിയിരുന്നു. സുരേഷ് ഗോപിയുടെ സവിശേഷമായ അവതരണശൈലി തന്നെയായിരുന്നു ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ എന്ന റിയാലിറ്റി ഷോയെ ശ്രദ്ധേയമാക്കിയത്. വീണ്ടും ഒരിക്കൽ കൂടി കോടീശ്വരനുമായി സുരേഷ് ഗോപി എത്തുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്.

അറുപതിലേറെ രാജ്യങ്ങളിൽ പ്രശസ്തി നേടിയ ഈ ക്വിസ് റിയാലിറ്റി ഷോ, ‘കോൻ ബനേഗാ ക്രോർപതി’ എന്ന പേരിൽ ഹിന്ദിയിലും അവതരിപ്പിക്കപ്പെട്ടിരുന്നു. അമിതാഭ് ബച്ചനാണ് കോടീശ്വരൻ ഹിന്ദി പതിപ്പിന്റെ അവതാരകൻ. കെബിസി എന്നു ചുരുക്കപ്പേരിലറിയപ്പെടുന്ന ഷോയുടെ പതിനൊന്നാമത്തെ സീസൺ സോണീ ടിവിയിൽ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

Read more: Bigg Boss 2 Malayalam: ബിഗ് ബോസ് വീണ്ടും; അവതാരകൻ മോഹൻലാൽ തന്നെ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook