‘മുൻഷി’ എന്ന പേരു കേൾക്കാത്തവരോ ആ ആക്ഷേപഹാസ്യപരിപാടി ഒരിക്കലെങ്കിലും കാണാത്തവരോ ആയ മലയാളികൾ ചുരുക്കമായിരിക്കും. മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ ജി.അരവിന്ദന്‍റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാര്‍ട്ടൂണിനായി കാത്തിരുന്നതുപോലെ, ടെലിവിഷൻ പ്രേക്ഷകർ ‘മുൻഷി’ക്കായി കാത്തിരിക്കാൻ തുടങ്ങി. നീണ്ട 20 വർഷങ്ങൾകൊണ്ട് ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതമായ ഒന്നായി ‘മുൻഷി’ മാറുകയായിരുന്നു. ഇത്രയും നീണ്ട വർഷങ്ങളുടെ ചരിത്രം പറയാവുന്ന മറ്റൊരു ടെലിവിഷൻ പ്രോഗ്രാം മലയാളികൾക്ക് വേറെയുണ്ടോയെന്ന് സംശയമാണ്. ഏറ്റവുമധികം എപ്പിസോഡുകൾ പ്രക്ഷേപണം ചെയ്യപ്പെട്ട ടെലിവിഷൻ പരിപാടി എന്ന നിലയിൽ ലിംക ബുക്സ് ഓഫ് വേൾഡ് റെക്കോർഡ്സിലും ‘മുൻഷി’ ഇടം നേടിയിരുന്നു.
ഓരോ ദിവസവും നടക്കുന്ന പ്രധാന സംഭവങ്ങളെ അടിസ്ഥാനമാക്കി ആക്ഷേപ ഹാസ്യത്തിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് ‘മുന്‍ഷി’ ചെയ്യുന്നത്. സമകാലിക പ്രശ്നങ്ങളെ സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ള ആളുകൾ എങ്ങനെ നോക്കി കാണുന്നുവെന്ന് വിവിധ കഥാപാത്രങ്ങളിലൂടെയും വേറിട്ട വീക്ഷണ കോണുകളിലൂടെയും ആവിഷ്കരിക്കും. എല്ലാറ്റിനും ഒടുവിൽ, കുറിക്ക് കൊള്ളുന്ന ഒരു ‘മുന്‍ഷി’ വാക്യവും കാണും.
‘മുൻഷി’യെന്ന പേരും അതിലെ ഓരോ കഥാപാത്രങ്ങളും മലയാളികൾക്ക് സുപരിചിതരാണെങ്കിലും ഇരുപത് വർഷമായി ഈ പരിപാടിയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന വ്യക്തികളോ അണിയറവിശേഷങ്ങളോ മലയാളികൾക്ക് അത്ര പരിചിതമായിരിക്കില്ല. രണ്ടു പതിറ്റാണ്ടായി മുൻഷിയുടെ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്നത് അനിൽ ബാനർജിയാണ്. പ്രോഗാമുകളിലൂടെ തന്റെ നിരീക്ഷണങ്ങളും കുറിക്കു കൊള്ളുന്ന മുൻഷി വചനങ്ങളും വിളിച്ചുപറയുമെങ്കിലും ക്യാമറയ്ക്കു മുന്നിൽ വരാനോ അഭിമുഖങ്ങളിൽ സംസാരിക്കാനോ വിമുഖത കാണിക്കുന്ന വ്യക്തിയാണ് അനിൽ ബാനർജി. അതുകൊണ്ടു തന്നെയാവാം, മുൻഷിയ്ക്ക് പിറകിൽ എന്തു സംഭവിക്കുന്നു, എങ്ങനെയാണ് ഓരോ ദിവസവും നടക്കുന്ന സംഭവങ്ങൾ ഇത്ര കൃത്യതയോടെ രാവസ്തമിക്കും മുൻപ് ഷൂട്ട് ചെയ്ത് പ്രോഗ്രാമായി മാറുന്നത് തുടങ്ങിയ കാര്യങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ സമസ്യയായി തുടരുന്നതും. ഇതാദ്യമായി, അനിൽ ബാനർജി ‘മുൻഷി’യെ കുറിച്ച് സംസാരിക്കുന്നു.

“20 വർഷത്തെ ഈ യാത്ര രസകരമാണ്. ചാനലിന് ഞാനൊരു പ്രപ്പോസൽ കൊടുക്കുകയായിരുന്നു, സമകാലിക സംഭവങ്ങളെ മൂന്നു മിനിറ്റിൽ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ഒരു പരിപാടി. ഞാൻ സ്ഥിരമായി വായിക്കാറുള്ള ഒരു കാർട്ടൂൺ സീരിസ് ഉണ്ടായിരുന്നു, കുങ്കുമം മാസികയിൽ പ്രസിദ്ധീകരിച്ചിരുന്ന പിവി കൃഷ്ണന്റെ ‘സാക്ഷി’. തന്റെ ചുറ്റുമുള്ളതെല്ലാം നിരീക്ഷിക്കുന്ന ഒരാളെയായിരുന്നു ആ കാർട്ടൂണിൽ പ്രതിപാദിച്ചിരുന്നത്. അത്തരമൊരു ആശയം പരമ്പര പോലെ അവതരിപ്പിക്കുന്നത് നല്ലതായിരിക്കുമെന്ന് എനിക്കു തോന്നി. ഞാനതിനെ കുറിച്ച് പിവി കൃഷ്ണനോട് സംസാരിച്ചു. നല്ലൊരു ആശയമാണെന്ന് അദ്ദേഹവും പറഞ്ഞെങ്കിലും ഏറെനാൾ മുന്നോട്ട് കൊണ്ടുപോവാൻ കഴിയുന്ന ഒന്നാണെന്ന് അദ്ദേഹത്തിനും അറിയില്ലായിരുന്നു,” അനിൽ ബാനർജി പറയുന്നു.
“എല്ലാ ദിവസവും അന്നന്ന് നടക്കുന്ന എന്തെങ്കിലുമൊരു വിഷയം ഞങ്ങൾ തിരഞ്ഞെടുക്കും. ആദ്യകാലങ്ങളിൽ ഒരു വിഷയം തിരഞ്ഞെടുക്കാൻ കുറച്ചുകൂടി സമയം ലഭിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ കൂടുതൽ വാർത്തകൾ അനുനിമിഷമെന്ന വന്നുകൊണ്ടിരിക്കുന്നതിനാൽ കുറച്ചുകൂടി വേഗത്തിൽ വേണം കാര്യങ്ങൾ ചെയ്യാൻ. സത്യത്തിൽ, ഇതൊരു തരം നിത്യതൊഴിൽ അഭ്യാസമാണ്.”
കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ സജീവമായ വെടിവട്ടത്തിന്റെ ശൈലിയിലാണ് ‘മുൻഷി’യിൽ സമകാലിക സംഭവങ്ങൾ അവതരിപ്പിക്കുന്നത്. 2000ൽ സെപ്റ്റംബറിലാണ് ‘മുൻഷി’ ആരംഭിക്കുന്നത്. 6971 എപ്പിസോഡുകൾ ഇതിനകം പൂർത്തിയായി കഴിഞ്ഞു. ഏറ്റവും ഒടുവിലെ എപ്പിസോഡ് സംപ്രേഷണം ചെയ്തത് ജനതാ കർഫ്യൂ ദിനത്തിലാണ്. നിലവിൽ, ലോക്ഡൗൺ കാരണം താൽക്കാലികമായി മുൻഷിയും നിർത്തിവെച്ചിരിക്കുകയാണ്.
“തിരുവനന്തപുരം പേയാട് അടുത്തൊരു സ്റ്റുഡിയോയിൽ ആണ് കുറച്ചുമാസങ്ങളായി മുൻഷിയുടെ ചിത്രീകരണം നടക്കുന്നത്. കഴിഞ്ഞ ആഗസ്തിലാണ് ഇങ്ങോട്ട് മാറുന്നത്. അന്നന്ന് നടക്കുന്ന കാര്യങ്ങൾ നിരീക്ഷിച്ച് സ്ക്രിപ്റ്റ് ഒരുക്കി നിത്യേന മൂന്നു മണിയ്ക്ക് ഷൂട്ട് തുടങ്ങും. അഞ്ചുമണിയാവുമ്പോഴേക്കും എപ്പിസോഡിനു വേണ്ട മെറ്റീരിയൽ റെഡിയാക്കിയെടുക്കുകയാണ് പതിവ്. ആർട്ടിസ്റ്റുകൾ കൂടുതലും തിരുവനന്തപുരം പരിസരത്ത് തന്നെ ഉള്ളവരാണ്. ടീമിൽ ഞങ്ങളിപ്പോൾ പത്ത് പേരാണ് ഉള്ളത്,” മുൻഷിയുടെ ചിത്രീകരണവിശേഷണങ്ങൾ അനിൽ പങ്കുവച്ചു.
“ഇരുപത് വർഷമായി ഒരൊഴുക്കിൽ അങ്ങനെ പോയി കൊണ്ടിരുന്നപ്പോൾ അതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് അധികം അറിഞ്ഞിരുന്നില്ല. ഇപ്പോൾ ഒരു ബ്രേക്ക് വന്നപ്പോഴാണ് എത്രമാത്രം ഗുസ്തിയും അധ്വാനവുമാണ് അതിനു പിറകിൽ എന്നോർക്കുന്നത് (ചിരിക്കുന്നു). ഇതിൽ പെട്ടങ്ങ് മുന്നോട്ട് പോവുകയാണ്, ഇങ്ങനെ പെട്ടുപോവുന്നതിന് അകത്ത് ഒരു രസമുണ്ട് താനും,” അനിൽ ബാനർജി കൂട്ടിച്ചേർത്തു.
ഈ വർഷങ്ങൾക്കിടയിൽ പലരും ‘മുൻഷി’യിൽ നിന്നും പോയി. എന്നാൽ ആദ്യം മുതൽ ഇപ്പോഴും ‘മുൻഷി’യിൽ തുടരുന്ന ഒന്നു രണ്ട് ആർട്ടിസ്റ്റുകളുമുണ്ടെന്ന് അനിൽ പറയുന്നു. “ഒരു സഖാവും സ്വാമിയുമുണ്ട് ‘മുൻഷി’യിൽ, അവരു രണ്ടുപേരും ആദ്യം മുതൽ ഇതിനകത്തുണ്ട്. സ്വാമി ഇടയ്ക്ക് പോയെങ്കിലും തിരിച്ചുവരികയായിരുന്നു. പത്തൊമ്പത് വർഷത്തിലേറെയായി അജയ് കുമാർ ജി ആർ എന്നൊരു ക്യാമറമാൻ ആയിരുന്നു ‘മുൻഷി’ ഷൂട്ട് ചെയ്തിരുന്നത്, അടുത്തിടെയാണ് അജയ് ഷോ വിട്ടുപോവുന്നത്. 19 വർഷമെന്നത് വലിയൊരു സമയവും അർപ്പണവുമാണല്ലോ!”
കെ.പി.ശിവശങ്കര കുറുപ്പാണ് ആദ്യത്തെ 10 വർഷം തുടർച്ചയായി ‘മുൻഷി’യെന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെ അച്യുത് വാസുദേവൻ കൃഷ്ണൻ മൂസത് ‘മുൻഷി’യിലേക്ക് വരികയായിരുന്നു. ‘മുൻഷി’യിൽ നിന്നും സിനിമയിലേക്കെത്തിയ താരങ്ങളും നിരവധിയാണ്. അലൻസിയർ, കലിംഗ ശശി, മുഹമ്മദ് പേരാമ്പ്ര എന്നിവരൊക്കെ ‘മുൻഷി’യിൽ നിന്നും സിനിമാലോകത്തേക്ക് എത്തിയവരാണ്.
Read more: സീരിയലുകളും നിർത്തുന്നു; മിനി സ്ക്രീൻ ലോകത്തെയും സ്തംഭിപ്പിച്ച് കോവിഡ് 19