നടൻ മോഹൻലാലിനെതിരെ കടുത്ത സെെബർ ആക്രമണം. മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച കൊറോണ ബോധവത്കരണ വീഡിയോയിലാണ് ഇത്രയും സെെബർ ആക്രമണം എന്നതാണ് ശ്രദ്ധേയം. മോഹൻലാൽ അവതാരകനായി എത്തുന്ന ഏഷ്യാനെറ്റ് ചാനലിലെ ബിഗ് ബോസുമായി ബന്ധപ്പെട്ടാണ് സെെബർ ആക്രമണം നടക്കുന്നത്. മറ്റൊരു മത്സരാർഥിയോട് അപമര്യാദയായി പെരുമാറിയ രജിത് കുമാറിനെ കഴിഞ്ഞ ദിവസം ബിഗ് ബോസിൽ നിന്നു പുറത്താക്കിയിരുന്നു. മോഹൻലാൽ അവതാരകനായി എത്തിയ എപ്പിസോഡിലാണ് രജിത് കുമാറിനെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. ഇതുമായി ബന്ധപ്പെട്ടാണ് രജിത് കുമാറിന്റെ ആരാധകർ മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിൽ സെെബർ ആക്രമണം നടത്തുന്നത്.
ശനിയാഴ്ച മോഹൻലാൽ പോസ്റ്റ് ചെയ്ത കൊറോണ ബോധവത്കരണ വീഡിയോയുടെ താഴെയാണ് വളരെ മോശം ഭാഷയിലുള്ള കമന്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് 24 മണിക്കൂർ പിന്നിടുമ്പോൾ 8,100 ലേറെ ആൻഗ്രി റിയാക്ഷൻസ് ആണ് വീഡിയോയ്ക്ക് താഴെയുള്ളത്. മോഹൻലാലിനെ വ്യക്തിത്വഹത്യ ചെയ്യുന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിട്ടുള്ളത്. മോഹൻലാൽ ഫാൻസ് അടക്കമാണ് രജിത്തിനെ പിന്തുണച്ച് മോഹൻലാലിനെതിരെ സെെബർ ആക്രമണം നടത്തിയിരിക്കുന്നത്. എന്നാൽ, നിരവധിപേർ മോഹൻലാലിനെ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്.
ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിൽ ഏറെ വിവാദമായ സംഭവമായിരുന്നു മത്സരാർഥികളിലൊരാളായ രേഷ്മയുടെ കണ്ണിൽ മറ്റൊരു മത്സരാർഥികളിലൊരാളായ രജിത് മുളക് തേച്ചത്. വീക്കിലി ടാസ്ക്കിനിടയിലായിരുന്നു രജിത് രേഷ്മയുടെ കണ്ണിൽ മുളക് തേച്ചത്. സംഭവത്തെ തുടർന്ന് രജിത്തിനെ താൽക്കാലികമായി ഷോയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
Read Also: ‘പരീക്ഷയ്ക്ക് പഠിക്കുമ്പോൾ പുലർച്ചെ 1.45ന് ഞാൻ നിന്നോടെന്റെ പ്രേമം പറഞ്ഞു’
ഇതിനു പിന്നാലെ ഇന്നലെ നടന്ന എപ്പിസോഡിലാണ് അവതാരകനായ മോഹൻലാൽ ഇതേ കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞതും നിലപാട് വ്യക്തമാക്കിയതും. ഒട്ടും പ്രതീക്ഷിക്കാതെയാണ് സംഭവമുണ്ടായതെന്നും എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയണമെന്നും രേഷ്മ ഇന്നലത്തെ എപ്പിസോഡിൽ ആവശ്യപ്പെട്ടു. എന്നാൽ ഒട്ടും ന്യായികരിക്കാനാവുന്ന തെറ്റല്ല ഇതെന്ന് ആവർത്തിച്ച മോഹൻലാലും രജിത്തിന് എന്താണ് പറയാനുള്ളതെന്ന് കേൾക്കാമെന്ന നിലപാടാണ് സ്വികരിച്ചത്. പിന്നീട് മറ്റ് മത്സരാർഥികളോടും മോഹൻലാൽ സംഭവത്തെക്കുറിച്ച് ചോദിച്ചു. രജിത്തിന് അബദ്ധം പറ്റിയതാണ് എന്ന നിലപാടാണ് മിക്ക മത്സരാർഥികളും സ്വീകരിച്ചത്. എന്നാൽ ഫുക്രു മാത്രം ചെയ്തത് തെറ്റാണെന്നും എന്തിനാണ് ഇത്തരം ഒരു ടാസ്ക്കിൽ മുളക് ഉപയോഗിക്കേണ്ടതെന്നും ചോദിച്ചു.
ശേഷം രജിത്തിനെ വിളിച്ചു വരുത്തിയ മോഹൻലാൽ സംഭവത്തെ കുറിച്ച് ചോദിക്കുകയാണ്. താൻ ചോദിക്കുന്ന കാര്യങ്ങൾക്ക് മാത്രം ഉത്തരം പറഞ്ഞാൽ മതിയെന്ന മുന്നറിയിപ്പ് നൽകിയിട്ടാണ് മോഹൻലാൽ സംസാരിച്ച് തുടങ്ങുന്നത്. ടാസ്ക്കിലെ ‘വികൃതികുട്ടി’യാകാനാണ് താൻ ശ്രമിച്ചതെന്ന വാദമാണ് രജിത് ഉന്നയിക്കുന്നത്. എന്നാൽ ചെയ്തത് തെറ്റാണെന്നും രജിത് സമ്മതിക്കുന്നു.
ബയോളജി അധ്യാപകനായതുകൊണ്ട് മുളകിന്റെ തീവ്രത എന്താണെന്ന് തനിക്കറിയാമെന്നും എന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ തന്റെ കണ്ണുകൾ തന്നെ ദാനം ചെയ്യാൻ തയ്യാറാണെന്നും രജിത് പറഞ്ഞു. ഇതിന് ശേഷം രേഷ്മയുടെ പിതാവിനോടും സംസാരിച്ച് മാപ്പ് ചോദിക്കുകയാണ് രജിത്. എന്നാൽ നേരത്തെ തന്നെ കരുതികൂട്ടി ഒരു സ്ത്രീയോട് എന്തിന് ഇങ്ങനെ ചെയ്തുവെന്ന ചോദ്യമാണ് രേഷ്മയുടെ അമ്മ ഉന്നയിക്കുന്നത്. രജിത് രേഷ്മയോടും മാപ്പ് ചോദിച്ചതോടെ തീരുമാനം രേഷ്മയ്ക്ക് തന്നെ വിട്ടിരിക്കുകയാണ് മോഹൻലാൽ. ക്ഷമിക്കാൻ തയ്യാറാണെന്നും എന്നാൽ ഇനി വീട്ടിലേക്ക് വരുന്നതിനോട് യോജിപ്പില്ലെന്നും രേഷ്മ വ്യക്തമാക്കിയതോടെ രജിത് ബിഗ് ബോസിൽ നിന്നു പുറത്താകുകയായിരുന്നു.