ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളത്തിലെ അഞ്ചാം സീസൺ ഏതാനും മണിക്കൂറുകൾക്ക് അകത്ത് ആരംഭിക്കും. എന്തൊക്കെ പുതുമകളാണ് ഈ സീസണിൽ കാത്തിരിക്കുന്നത് എന്നാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്.
ഓരോ വർഷം കൂടുന്തോറും ഷോ എങ്ങനെ മികച്ചതാക്കാം എന്നാണ് നോക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു. “ഒർജിനൽ എന്ന കൺസെപ്റ്റിലാണ് ഇത്തവണ ഷോ വരുന്നത്. അവരവരുടെ മേഖലയിൽ വിജയിച്ച ആളുകളാണ് മത്സരാർത്ഥികളെല്ലാം തന്നെ, പട വെട്ടി ജീവിതത്തിൽ മുന്നോട്ടു വന്നവർ. നല്ലൊരു ഗ്രൂപ്പാണ് വന്നിരിക്കുന്നത്. ” ഫേസ്ബുക്ക് ലൈവിൽ സംസാരിക്കുകയായിരുന്നു ഷോയുടെ അവതാരകൻ കൂടിയായ മോഹൻലാൽ.
ഒർജിനൽ ആളുകൾ തമ്മിൽ മത്സരിക്കുമ്പോൾ ധാരാളം സംഘർഷഭരിതമായ മുഹൂർത്തങ്ങളും ഉണ്ടാകുമല്ലോ, അപ്പോൾ ലാലേട്ടന്റെ റിയാക്ഷൻ ഒർജിനലായിരിക്കുമോ? എന്ന അവതാരകയുടെ ചോദ്യത്തിനും മോഹൻലാൽ മറുപടി പറഞ്ഞു. “എല്ലാ ഷോയിലും ഞാൻ ഒർജിനലായാണ് നിൽക്കുന്നത്. ഇതിൽ കള്ളത്തരം കാണിക്കാനൊന്നും പറ്റില്ല. ഒരുപാട് പേർ ചോദിക്കുന്നുണ്ട്, ഇത് സ്ക്രിപ്റ്റഡാണോ എന്നൊക്കെ. അങ്ങനെയൊന്നും ചെയ്യാൻ പറ്റില്ല. മനസ്സിൽ സംഭവിക്കാൻ പോവുന്ന ഒരു കാര്യം നമുക്ക് നേരത്തെ സ്ക്രിപ്റ്റ് ചെയ്ത് വയ്ക്കാനുമോ?
വളരെ റിഫ്ളക്ഷൻ ഉണ്ടാവുന്ന, വൈകാരികമായൊക്കെ പ്രതികരിക്കുന്ന ഷോ ആണിത്. അതൊന്നും ലോകത്ത് ആർക്കും മുൻകൂട്ടി സ്ക്രിപ്റ്റ് ചെയ്യാൻ പറ്റില്ല. തീർച്ചയായും ഷോയിൽ ഏറ്റവും ഒർജിനൽ ആയി പ്രവർത്തിക്കാനാണ് എനിക്കു താൽപ്പര്യം. അങ്ങനെ തന്നെയാണ് ഞാൻ ചെയ്തിട്ടുള്ളതും. ആരെയെങ്കിലും ഒരാളെ സപ്പോർട്ട് ചെയ്യുക, അയാൾക്കു വേണ്ടി നിൽക്കുക അതൊന്നും ഞാൻ ചെയ്തിട്ടില്ല. അങ്ങനെ ചെയ്യാൻ പറയുന്ന ദിവസം ഞാനിവിടെ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്യും,” മോഹൻലാൽ പറയുന്നു.
ഒരു സോഷ്യൽ എക്സ്പെരിമെന്റ് ഷോ എന്ന രീതിയിൽ ഷോ കഴിഞ്ഞിറങ്ങുമ്പോൾ പല രീതിയിലുള്ള വെളിപ്പാടാണ് മത്സരാർത്ഥികൾക്ക് ഉണ്ടാവുന്നതെന്നും അതുകൊണ്ടു കൂടിയാണ് ഇതൊരു സൈക്കളോജിക്കൽ പ്യൂരിഫിക്കേഷൻ ആയി മാറുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ബിഗ് ബോസിനും മത്സരാർത്ഥികൾക്കുമിടയിൽ നിൽക്കുന്ന വെറുമൊരു മീഡിയേറ്റർ മാത്രമാണ് താനെന്നും അതിനാൽ തന്നെ സീസൺ അഞ്ചിനെ താനും ഏറെ ആകാംക്ഷയോടെയാണ് നോക്കുന്നതെന്നും മോഹൻലാൽ പറയുന്നു.
ബിഗ് ബോസിനു ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ഇത്രയേറെ ഫാൻസ് ഈ ഷോയ്ക്കും മത്സരാർത്ഥികൾക്കുമൊക്കെ ഉണ്ടാവാൻ കാരണം. എന്നാൽ ആ ഫാൻസ് ഫൈറ്റുകൾ പരിധി വിടാതെ നോക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും മോഹൻലാൽ കൂട്ടിച്ചേർക്കുന്നു.