/indian-express-malayalam/media/media_files/uploads/2023/07/Mahesh.jpg)
മഹേഷിനൊപ്പം മിഥുനും പ്രജോദും
ഫ്ളവേ​ഴ്സ് ടിവിയിലെ കോമഡി ഉത്സവത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന കലാകാരനാണ് മഹേഷ്. ശബ്ദാനുകരണത്തെ വളരെ കൃത്യതയോടും അമ്പരപ്പിക്കുന്ന രീതിയിലും ഉപയോഗിക്കുന്ന അപൂർവ്വം മിമിക്രി താരങ്ങളിലൊരാളാണ് മഹേഷ്. വാഹനാപകടത്തിൽ മുഖത്തും പല്ലിനും ഗുരുതരമായി പരിക്കേറ്റ മഹേഷ് സർജറിയ്ക്കു ശേഷം വിശ്രമത്തിലാണ്. ജൂൺ അഞ്ചിന് ബിനു അടിമാലി, സുധി എന്നിവർക്കൊപ്പം പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോഴാണ് കാർ അപകടത്തിൽ പെട്ടത്. അപകടത്തിൽ സുധി മരിക്കുകയും ബിനു അടിമാലി, മഹേഷ് എന്നിവർക്ക് ഗുരുതരമായ പരുക്കേൽക്കുകയുമായിരുന്നു.
വിശ്രമത്തിൽ കഴിയുന്ന മഹേഷിനെ കാണാൻ വീട്ടിലെത്തിയിരിക്കുകയാണ് നടനും റേഡിയോ ജോക്കിയും കോമഡി ഉത്സവത്തിന്റെ അവതാരകനുമായ മിഥുൻ രമേഷും കലാഭവൻ പ്രജോദും. "അവന്റെ പേര് മഹേഷ് എന്നാണ്. അവൻ തിരിച്ചു വരും. നേരത്തെ ഉള്ളതിലും കിടിലമായി വരും," എന്നാണ് മഹേഷിനെ സന്ദർശിച്ചതിനു ശേഷം മിഥുൻ പ്രത്യാശ പ്രകടിപ്പിച്ചത്.
കഴിഞ്ഞ ദിവസം ബിനു അടിമാലിയും മഹേഷിന്റെ വീട്ടിലെത്തിയിരുന്നു.
ഏതാനും ദിവസം മുൻപ് തന്റെ ആരോഗ്യസ്ഥിതി പ്രേക്ഷകരെ അറിയിച്ചുകൊണ്ട് മഹേഷ് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. "എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാ ആളുകളോടും നന്ദി പറയുകയാണ്. ഞാൻ മിമിക്രി ആർട്ടിസ്റ്റും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമാണ്. മിമിക്രിയിലൂടെയാണ് നിങ്ങളെല്ലാവരും എന്നെ തിരിച്ചറിഞ്ഞതും എന്നെ ഇഷ്ടപ്പെട്ടതും. ഇനി കുറച്ച് നാളത്തേയ്ക്ക് റെസ്റ്റാണ്. നിങ്ങളാരും വിഷമിക്കണ്ട.പഴയതിനേക്കാളും അടിപൊളിയായിട്ട് ഞാൻ തിരിച്ചുവരും, അപ്പോഴും നിങ്ങളുണ്ടാകണം എന്നെ സപ്പോർട്ട് ചെയ്യണം," മഹേഷിന്റെ വാക്കുകളിങ്ങനെ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.