ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ഏറെ ആരാധകരുള്ള പരിപാടിയാണ് ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ടോപ്പ് സിംഗർ. പ്രായ വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ കാണുന്ന റിയാലിറ്റി ഷോയുടെ പ്രധാനഘടകം അതിലെ മത്സരാർത്ഥികൾ തന്നെയാണ്. കൊച്ചുകുട്ടികൾ പ്രായത്തിൽ കവിഞ്ഞ പക്വതയോടെ പാടിവയ്ക്കുന്ന ഗാനങ്ങളെല്ലാം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യുന്നു. മത്സരാർത്ഥികളുടെ അതേ ഊർജത്തിൽ നിൽക്കുന്ന വിധികർത്താക്കളും ഈ റിയാലിറ്റി ഷോയുടെ പ്രത്യേകതയാണ്. ഷോയുടെ വിധികർത്താക്കളിലൊരാളായ എം ജി ശ്രീകുമാർ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച റീൽ മത്സാരാർത്ഥികളും വിധികർത്താക്കളും തമ്മിലുള്ള കോമ്പിനേഷനെ വരച്ചു കാട്ടുന്നതാണ്.
ഇൻസ്റ്റഗ്രാമിലെ റീലുകളിൽ ഇപ്പോൾ ട്രെൻഡിങ്ങായിട്ടുള്ള ഒരു ഗാനത്തിനു ചുവടുവയ്ക്കുകയാണ് താരങ്ങൾ. ഇതിൽ സംഗീതജ്ഞരായ എം ജി ശ്രീകുമാർ, ശരത്, ഗായത്രി, രാഹുൽ രാജ് എന്നിവരെയും കാണാം. ‘എം ജി അണ്ണനും പിള്ളേരും പൊളി, എല്ലാവരും കൂടി കലക്കി’ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.
വർഷങ്ങളായി ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഷോയുടെ മൂന്നാം സീസണാണ് ഇപ്പോൾ സംപ്രേഷണം ചെയ്യുന്നത്. സിനിമാതാരം മീനാക്ഷി അനൂപാണ് കഴിഞ്ഞ മൂന്നു സീസണുകളിലും അവതാരകയായി വന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളുടെ റീൽ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.